ഇന്ത്യന്‍ ദേശീയതക്ക് ഒരിക്കലും മതാത്മകമാകാന്‍ കഴിയില്ല: രാംപുനിയാനി

Posted on: May 8, 2018 6:28 am | Last updated: May 7, 2018 at 11:37 pm

തൃശൂര്‍: ഇന്ത്യന്‍ ദേശീയതക്ക് ഒരിക്കലും മതാത്മകമാകാന്‍ കഴിയില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ആക്ടിവിസ്റ്റുമായ രാംപുനിയാനി. കലാലയം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പഠനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദു ദേശീയത, മുസ്‌ലിം ദേശീയത എന്നെല്ലാം പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ ചരിത്രത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതങ്ങള്‍ രാജ്യത്തിന് ശക്തിപകര്‍ന്നിട്ടേയുള്ളൂ. അതിനെ വര്‍ഗീയമാക്കുന്നതാണ് രാജ്യത്തെ തളര്‍ത്തുന്നത്. തൊഴിലില്ലായ്മയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതുമല്ല, ക്ഷേത്ര നിര്‍മാണമാണ് പ്രധാന അജന്‍ഡയാക്കുന്നത്. ഹിന്ദു ദേശീയവാദത്തിന് ഹൈന്ദവ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ല. അത്തരം വാദങ്ങളുയര്‍ത്തുന്നത് സവര്‍ണ-സമ്പന്ന വിഭാഗത്തിന്റെ സാമൂഹിക മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അധികാരം കൈപ്പിടിയിലൊതുക്കുന്നതിനുമായി മതത്തെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍ ശക്തികള്‍ ചെയ്യുന്നതെന്ന് രാംപുനിയാനി പറഞ്ഞു.

സ്വാതന്ത്ര്യസമര കാലത്ത് രൂപവത്കരിക്കപ്പെട്ട മുസ്‌ലിം ലീഗിനും ഇസ്‌ലാം മതവുമായി ബന്ധമുണ്ടായിരുന്നില്ല. മുസ്‌ലിം ലീഗ് രൂപവത്കരിച്ച മുഹമ്മദലി ജിന്ന യഥാര്‍ഥത്തില്‍ മതേതരവാദിയായ സ്വാതന്ത്യസമര സേനാനിയായിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ എന്ന ആശയം മറ്റാരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തില്‍ കുത്തിവെക്കുകയായിരുന്നു എന്ന് ചരിത്രം കൃത്യമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. മുസ്‌ലിമായ മൗലാന അബുല്‍ കലാം ആസാദ് മുസ്‌ലിം ലീഗിലോ ഹിന്ദുവായിരുന്ന ഗാന്ധി ആര്‍ എസ് എസിലോ ചേര്‍ന്നിരുന്നില്ല. വിശ്വാസങ്ങളെയും മത ആശയങ്ങളെയും മാനവികതക്കും മനുഷ്യനന്മക്കും വേണ്ടിയാണ് അവരെ പോലുള്ള നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. ചരിത്രത്തില്‍ ഇടം നേടിയ വ്യക്തികളെ അപരവത്കരിക്കാനുള്ള നീക്കവും ഹിന്ദുത്വ ശക്തികള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നു. ടിപ്പു സുല്‍ത്താനെ ഹിന്ദു വിരോധിയായും ക്ഷേത്ര ധ്വംസകനായും ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. അക്ബറിന്റെയും ബാബറിന്റെയും ടിപ്പുവിന്റെയുമെല്ലാം സൈനിക മേധാവികള്‍ ഹൈന്ദവ സമുദായത്തില്‍പെട്ടവരായിരുന്നു. തിരിച്ച് ഹിന്ദു രാജാക്കന്മാരുടെ സൈന്യാധിപന്മാരായി മുസ്‌ലിംകളും ഉണ്ടായിരുന്നു. മറാഠാ രാജാക്കന്മാര്‍ തകര്‍ത്ത ക്ഷേത്രം പുനര്‍ നിര്‍മിച്ചയാളാണ് ടിപ്പു എന്നറിയുമ്പോഴാണ് വര്‍ഗീയമായ വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയാന്‍ കഴിയുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വസുദൈവ കുടുംബകം എന്നതാണ് ഹൈന്ദവ സംസ്‌കാരത്തിന്റെ അടിസ്ഥാന ആശയമെന്നും രാംപുനിയാനി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ കലാലയം സമിതി ചെയര്‍മാന്‍ മുഹമ്മദലി കിനാലൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ ഡോ. പി കെ പോക്കര്‍, ഡോ. കെ എസ് മാധവന്‍, കെ കെ ബാബുരാജ്, സി കെ അബ്ദുല്‍ അസീസ്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, മുസ്തഫ പി എറയ്ക്കല്‍, ഒ പി രവീന്ദ്രന്‍ സംസാരിച്ചു. വി ആര്‍ അനൂപ് വിഷയാവതരണം നടത്തി. സി എന്‍ ജാഫര്‍ സ്വാഗതവും സി കെ എം ഫാറൂഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സൂഫി സംഗീത സദസ്സിന് സയ്യിദ് ഫസല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മെഹ്ഫൂസ് കമാലും സംഘവും ഗസല്‍ ആലപിച്ചു.

 

സാംസ്‌കാരികോത്സവത്തില്‍ ഇന്ന്

തൃശൂര്‍: കലാലയം സാംസ്‌കാരിക വേദിയുടെ സാംസ്‌കാരികോത്സവത്തില്‍ ഇന്ന് കുട്ടികളുടെ പാട്ടും പറയലും, കലാലയം നേതൃസഭ, എഴുത്തിന്റെ രാഷ്ട്രീയം, കലാവട്ടം, പുസ്തക ചര്‍ച്ച, തെരുവിന്റെ പാട്ട് തുടങ്ങിയ സെഷനുകള്‍ നടക്കും. ഫാസിസ്റ്റ് കാലത്തെ ജനാധിപത്യ ജീവിതം സെഷനില്‍ കെ ഇ എന്‍ പ്രഭാഷണം നടത്തും. മറ്റു സെഷനുകളില്‍ പി സുരേന്ദ്രന്‍, അശോകന്‍ ചരുവില്‍, പി കെ പാറക്കടവ്, കെ ടി ബാബുരാജ്, ഫൈസല്‍ അഹ്‌സനി ഉളിയില്‍, വീരാന്‍ കുട്ടി പങ്കെടുക്കും.