Connect with us

National

നിസ്‌കാരത്തിനെതിരായ പരാമര്‍ശം ഹരിയാന മുഖ്യമന്ത്രി പിന്‍വലിച്ചു

Published

|

Last Updated

ചണ്ഡീഗഢ്: പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നടത്തുന്നത് തടയുമെന്ന പ്രസ്താവന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പിന്‍വലിച്ചു. നമസ്‌കാരം തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ക്രമസമാധാനം സംരക്ഷിക്കേണ്ടത് പോലീസിന്റെയും ഭരണകൂടത്തിന്റെയും ചുമതലയാണെന്നും ഖട്ടാര്‍ വിശദീകരിച്ചു.

ഹരിയാനയില്‍ പലയിടത്തും കഴിഞ്ഞ വെള്ളിയാഴ്ച തീവ്ര ഹിന്ദുത്വ സംഘടനകള്‍ ജുമുഅ നിസ്‌കാരം തടഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ച് ഖട്ടാര്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നടത്തരുതെന്നും അത് പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിര്‍വഹിക്കുന്ന പ്രവണത കൂടി വരികയാണെന്നും നിസ്‌കരിക്കാന്‍ സ്ഥലമില്ലെങ്കില്‍ സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് അത് നിര്‍വഹിക്കണമെന്നും ഖട്ടാര്‍ പറഞ്ഞിരുന്നു.

ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് കഴിഞ്ഞ മാസം 20 മുതല്‍ ഹരിയാനയില്‍ ജുമുഅ നിസ്‌കാരം തടയാന്‍ തുടങ്ങിയത്. സെക്ടര്‍ 53ലെ മൈതാനത്ത് നിര്‍വഹിക്കാറുള്ള നിസ്‌കാരമാണ് അവര്‍ ആദ്യം തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളിലെ നിസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘര്‍ഷ് സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് മറ്റ് പലയിടങ്ങളിലും അവര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.