നീറ്റലായി കസ്തൂരി മഹാലിംഗത്തിന് നീറ്റ് പരീക്ഷ

മകന്‍ പരീക്ഷ എഴുതുന്നതിനിടെ കൂടെ വന്ന പിതാവ് മരിച്ചു
Posted on: May 7, 2018 6:24 am | Last updated: May 7, 2018 at 12:29 am
SHARE
എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി പിതാവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന കസ്തൂരി മഹാലിംഗം

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് നീറ്റ് പരീക്ഷ എഴുതാന്‍ കൊച്ചിയിലെത്തിയ വിദ്യാര്‍ഥിയോടൊപ്പം വന്ന പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി വിളക്കുടി മേലേ സ്ട്രീറ്റ് 6/48ല്‍ എസ് കൃഷ്ണസ്വാമി (47) യാണ് മരിച്ചത്. പിതാവ് മരിച്ചതറിയാതെ മകന്‍ കസ്തൂരി മഹാലിംഗം പരീക്ഷ എഴുതി. എറണാകുളം തമ്മനത്തെ നളന്ദ പബ്ലിക്ക് സ്‌കൂളിലാണ് കസ്തൂരി മഹാലിംഗം പരീക്ഷ എഴുതിയത്.

നീറ്റ് പരീക്ഷക്കായി ശനിയാഴ്ച രാവിലയോടെയാണ് മകനോടൊപ്പം കൃഷ്ണ സ്വാമി എറണാകുളത്തെത്തിയത്. ഷേണായിസിന് സമീപം ഹോട്ടല്‍ എയര്‍ലൈന്‍സില്‍ മുറിയെടുത്തു. എന്നാല്‍, ഇന്നലെ രാവിലെ രക്തസമ്മര്‍ദം കുറഞ്ഞതിനാല്‍ കൃഷ്ണ സ്വാമിക്ക് മകനൊപ്പം പരീക്ഷാ കേന്ദ്രത്തിലേക്ക് പോകനായില്ല. ഹോട്ടലില്‍ തന്നെ തങ്ങിയ കൃഷ്ണ സ്വാമിക്ക് രാവിലെ 70.30 ഓടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണ സ്വാമി തന്നെ ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ആശുപത്രിയില്‍ പോകണമെന്ന അറിയിച്ചു. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം എറണാകുളം മോര്‍ച്ചറിയിലേക്ക് മാറ്റി. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരം 3.45 ഓടെ കൃഷ്ണ സ്വാമിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി.

പരീക്ഷ കഴിയുന്നതുവരെ മകന്‍ കസ്തൂരിയെ പിതാവിന്റെ മരണവാര്‍ത്ത അധികൃതരും ബന്ധുക്കളും അറിയിച്ചില്ല.
പരീക്ഷക്കുശേഷം കസ്തുരി മഹാലിംഗത്തെ പോലീസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം 4.15 ഓടെ നാട്ടിലേക്ക് കൊണ്ടു പോയി. സംസ്ഥാന അതിര്‍ത്തി വരെ പോലീസും തിരുവാരൂര്‍ വരെ റവന്യൂ അധികൃതരും മൃതദേഹത്തെ അനുഗമിച്ചു. ജനറല്‍ ആശുപത്രിയില്‍ ജില്ലാ കലക്ട മുഹമ്മദ് സഫീറുല്ല, ഹൈബി ഈഡന്‍ എം എല്‍ എ, ഡി സി പി കറുപ്പു സ്വാമി, എ സി പി. കെ ലാല്‍ജി, സെന്‍ട്രല്‍ സി ഐ. എ അനന്തലാല്‍ എന്നിവര്‍ എത്തിയിരുന്നു. കൃഷ്ണ സ്വാമിയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവാരൂര്‍ ഗവ. സ്‌കൂള്‍ പ്രധാനാധ്യാപിക ബി മഹാദേവിയാണ് കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ. മകള്‍ ഐശ്വര്യ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here