ചോദ്യപ്പേപ്പര്‍ മാറി; നീറ്റ് പരീക്ഷ മുടങ്ങി

  • 100 കുട്ടികള്‍ പീക്ഷയെഴുതിയത് മണിക്കൂറുകള്‍ വൈകി
  • ചോദ്യപ്പേപ്പര്‍ പകര്‍പ്പെടുത്ത് നല്‍കി
Posted on: May 7, 2018 6:12 am | Last updated: May 7, 2018 at 12:21 am
SHARE
മധുരൈയിലെ നോയസ് സ്‌കൂളില്‍ നീറ്റ് ചോദ്യപ്പേപ്പര്‍ മാറിയതോടെ പ്രതിഷേധമുയര്‍ത്തിയ രക്ഷിതാക്കളോട് സംസാരിക്കുന്ന പ്രിന്‍സിപ്പല്‍

മധുരൈ: നീറ്റ് പരീക്ഷയില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കിയത് വിദ്യാര്‍ഥികളെ വലച്ചു. തമിഴ്‌നാട്ടിലെ മധുരൈ നരിമേട് നോയസ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെന്ററിലാണ് 100 വിദ്യാര്‍ഥികളുടെ പരീക്ഷ വൈകിയത്. ഇംഗ്ലീഷ്- തമിഴ് ചോദ്യപ്പേപ്പറുകള്‍ക്ക് പകരം ഇംഗ്ലീഷ്- ഹിന്ദി ചോദ്യപ്പേപ്പര്‍ നല്‍കിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഈ വിദ്യാര്‍ഥികള്‍ തമിഴ് മാധ്യമമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒരു മണിക്ക് പരീക്ഷ കഴിഞ്ഞ് മറ്റ് വിദ്യാര്‍ഥികള്‍ ഇറങ്ങിയെങ്കിലും തങ്ങളുടെ മക്കളെ കാണാതിരുന്നതോടെ പുറത്ത് കാത്തിരുന്ന രക്ഷിതാക്കള്‍ ആധിയിലായി. ഗേറ്റിന് പുറത്ത് ബഹളം വെച്ചെങ്കിലും ആദ്യം സി ബി എസ് ഇ അധികൃതര്‍ വിഷയം വ്യക്തമാക്കാന്‍ തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെയാണ് ചോദ്യപ്പേപ്പര്‍ മാറിയ കാര്യം അധികൃതര്‍ സമ്മതിച്ചത്. പിന്നീട് പ്രിന്‍സിപ്പല്‍ പുറത്ത് വന്ന് പരീക്ഷയെഴുതാത്തവരുടെ പേര് വിവരം വായിച്ചു. ഏതാനും രക്ഷിതാക്കളെ അകത്ത് കയറാന്‍ അനുവദിക്കുകയും ചെയ്തു. പോലീസെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയുമുണ്ടായി.

പിന്നീട് ശരിയായ ചോദ്യപ്പേപ്പറിന്റെ കോപ്പിയെടുത്ത് നല്‍കിയാണ് പരീക്ഷ പുനരാരംഭിച്ചത്. അപ്പോഴേക്കും മൂന്ന് മണി പിന്നിട്ടിരുന്നു. എല്ലാ ഉത്തരക്കടലാസുകളും ഒരു പ്രശ്‌നവുമില്ലാതെ മൂല്യ നിര്‍ണയം നടത്തുമെന്നും ആശങ്ക വേണ്ടെന്നും നീറ്റ് സിറ്റി കോ ഓര്‍ഡിനേറ്റര്‍ പി സെല്‍വരാജ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here