Connect with us

Kerala

വിജ്ഞാപനമിറങ്ങിയില്ല; കീറിയ നോട്ടുകള്‍ മാറ്റിനല്‍കാനാകാതെ ബേങ്കുകള്‍

Published

|

Last Updated

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നോട്ടുകള്‍ക്ക് കേടുപാടുകള്‍ വന്നാല്‍ ബേങ്ക് അധികൃതര്‍ മാറ്റി നല്‍കാന്‍ തയ്യാറാകുന്നില്ല. പുതിയ നോട്ടുകളുടെ അളവുകള്‍ വ്യക്തമാക്കി റിസര്‍വ് ബേങ്കിന്റെ വിജ്ഞാപനമിറങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ വാണിജ്യ ബേങ്കുകള്‍ കേടുപാടുള്ള നോട്ടുകളുമായി വരുന്നവരെ റിസര്‍വ് ബേങ്കിന്റെ ഓഫീസിലേക്കയക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍, റിസര്‍വ് ബേങ്കിലെത്തിയാലും ഇത് മാറ്റിനല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. വിജ്ഞാപനം ഇറങ്ങാതെ നോട്ടുകള്‍ മാറ്റി നല്‍കാനാകില്ലെന്ന നിലപാടാണ് റിസര്‍വ് ബേങ്കിന്റെ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കും. ബ്രാഞ്ചുകളില്‍ എത്തുന്നവരോട് രജിസ്റ്ററില്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതിവെക്കാനാണ് ആവശ്യപ്പെടുന്നത്. വിജ്ഞാപനമിറങ്ങുന്നതോടെ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഇതുമൂലം നിരവധിയാളുകളാണ് വിനിമയം ചെയ്യാന്‍ പറ്റാത്ത നോട്ടുകളുമായി റിസര്‍വ് ബേങ്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ദിവസവുമെത്തുന്നത്.

പഴയ നോട്ടുകള്‍ അസാധുവാക്കി പുതിയവ എത്തിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ കേടുവന്നവ മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കാത്തതില്‍ ബേങ്കിംഗ് മേഖലയിലെ യൂനിയനുകള്‍ക്കും കടുത്ത അതൃപ്തിയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ റിസര്‍വ് ബേങ്കിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.

സാധാരണ നിലയില്‍ നോട്ടുകള്‍ കീറുകയോ മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗശൂന്യമാകുകയോ ചെയ്താല്‍ അതാത് വ്യക്തികള്‍ക്ക് അക്കൗണ്ടുകളുള്ള ബേങ്കുകളില്‍ നിന്നും മാറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. നോട്ടുകളുടെ വലുപ്പത്തിലുണ്ടായ വ്യത്യാസമാണ് പുതിയ വിജ്ഞാപനമിറക്കേണ്ട ആവശ്യമുണ്ടാക്കിയിരിക്കുന്നതെന്ന് യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. നോട്ടുകള്‍ വിനിമയം ചെയ്യാന്‍ പറ്റാത്ത വിധത്തിലായാല്‍ മാറ്റി നല്‍കണമെന്നാണ് നിയമം. നോട്ടുകള്‍ കീറിക്കഴിഞ്ഞാല്‍ അതിന്റെ അളവ് നോക്കിയാണ് മൂല്യം നിശ്ചയിക്കുന്നത്. പുതിയ നോട്ടുകള്‍ക്കെല്ലാം വലുപ്പ വ്യത്യാസമുള്ളതിനാല്‍ പഴയ അളവില്‍ മൂല്യം നിശ്ചയിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബേങ്കുകള്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കാത്തത് ജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് റിസര്‍വ് ബേങ്കിന് ബ്രാഞ്ചുകളുള്ളത്. അതിനാല്‍ 2000, 500 എന്നിവയുടെ കീറിയ നോട്ടുകളുമായി സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളില്‍ ഉള്ളവര്‍ക്ക് റിസര്‍വ് ബേങ്കിന്റെ ഈ രണ്ട് ബ്രാഞ്ചുകളിലെത്തണം.

sijukm707@gmail.com

---- facebook comment plugin here -----

Latest