Connect with us

Kerala

ആറ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം: ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ, സംസ്ഥാനത്ത് തിരുവനന്തപുരം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കന്യാകുമാരി മേഖലയില്‍ രൂപപ്പെട്ട ആകാശച്ചുഴി കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. വേനല്‍മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിക്കും. തുടര്‍ച്ചയായി അഞ്ച് ദിവസം വരെ നല്ല മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ ഭരണകൂടത്തിനാണ് ദുരന്തനിവാരണ അതോറിറ്റി രണ്ട് ദിവസത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മഴക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.

അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ്, അഗ്നിശമന സേന, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്ക് സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതര്‍ നടപടി സ്വീകരിക്കും.

അതേസമയം, ഡല്‍ഹിയിലും രാജ്യ തലസ്ഥാന മേഖലയിലും ഇന്ന് ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫരീദാബാദ്, ബല്ലഭ്ഗഢ്, ഖുര്‍ജ, ഗ്രേറ്റര്‍ നോയിഡ, ബുലന്ദ്ഷഹര്‍ തുടങ്ങിയ മേഖലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

 

Latest