പന്തുകള്‍ പാക്കിസ്ഥാനില്‍ നിന്ന്

Posted on: May 7, 2018 6:23 am | Last updated: May 6, 2018 at 11:29 pm

ഇസ്ലാമാബാദ്: റഷ്യയില്‍ ഫിഫ ലോകകപ്പില്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയുമൊക്കെ പന്തുമായി കുതിക്കുമ്പോള്‍ അത് തങ്ങളുടെ കൂടി മുന്നേറ്റമായാകും പാക്കിസ്ഥാന്‍ കാണുക. കാരണം, ലോകകപ്പ് പന്ത് നിര്‍മിക്കുന്നത് പാക്കിസ്ഥാനിലെ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ ഫോര്‍വേഡ് ആണ്. 2014 ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഉപയോഗിച്ച ബ്രസൂക്ക പന്തും ഫോര്‍വേഡ് സ്‌പോര്‍ട്‌സ് ആയിരുന്നു നിര്‍മിച്ചത്. റഷ്യയില്‍ ഉപയോഗിക്കുന്ന പന്തുകള്‍ ടെല്‍സ്റ്റാര്‍ 18 ആണ്.

പഞ്ചാബ് പ്രവിശ്യയിലെ സെയില്‍കോട് ജില്ലയിലാണ് ഫോര്‍വേഡ് സ്‌പോര്‍ട്‌സ് കമ്പനി സ്ഥിതി ചെയ്യുന്നത്.സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിലും കയറ്റുമതിയിലും പാക്കിസ്ഥാന്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. എമെര്‍ജിംഗ് പാക്കിസ്ഥാന്‍ : സെലിബ്രേറ്റിംഗ് എക്‌സലന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് ഗുഡ്‌സ് എന്ന സര്‍ക്കാര്‍ പദ്ധതി പ്രോത്സാഹനവുമായി രംഗത്തുണ്ട്.

പ്രതിവര്‍ഷം നാല്‍പത് ദശലക്ഷം പന്തുകളാണ് പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 122 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. ഇത് 2016-17 വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം അധികമാണ്.

പാക് പ്രധാനമന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസി സ്‌പോര്‍ട്‌സ് ഉപകരണ കയറ്റുമതി രംഗത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഫോര്‍വേഡ് സ്‌പോര്‍ട്‌സ് സി ഇ ഒ ഖവാജ മസൂദ് അക്തറിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ സിതാര ഇ ഇംതിയാസിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

1998 ലോകകപ്പിലെ ജാക്വുറ്റ് എന്ന രഹസ്യം !

1998 ലോകകപ്പില്‍ ഫ്രാന്‍സ് ജേതാക്കളായതിന്റെ രഹസ്യം എയ്‌മെ ജാക്വുറ്റ് എന്ന പരിശീലകനായിരുന്നു. ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകര്‍ പുറത്താക്കണമെന്ന് മുറവിളി കൂട്ടിയപ്പോഴും എയ്‌മെ ജാക്വുറ്റ് എന്ന താത്കാലിക കോച്ചില്‍ വിശ്വാസമര്‍പ്പിച്ച ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ച സമ്മാനമായിരുന്നു ലോകകപ്പ്.

ജെറാര്‍ഡ് ഹൂളിയര്‍ പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന ജാക്വുറ്റിനെ ഫ്രാന്‍സ് ദേശീയ ടീമിന്റെ കോച്ചാക്കിയത് വലിയ എടുത്തു ചാട്ടമായിരുന്നു.

96യൂറോ കപ്പില്‍ ഫ്രാന്‍സിനെ സെമിയിലെത്തിച്ചത് ജാക്വുറ്റിന് തുണയായി. എന്നാല്‍, 1997 ല്‍ ജാക്വുറ്റിനെ പുറത്താക്കണമെന്നാവശ്യം ഉയര്‍ന്നു.
മാധ്യമങ്ങളും ജാക്വുറ്റിന് എതിരായിരുന്നു. പ്രതിരോധാത്മക ശൈലിയോടുള്ള എതിര്‍പ്പായിരുന്നു ഏറെയും. എന്നാല്‍, ലോകകപ്പില്‍ സിനദിന്‍ സിദാന്റെയും തിയറി ഓന്റിയുടെയും വ്യക്തിഗത മികവിനൊപ്പം മികച്ച പ്രതിരോധ നിരയെ അണിനിരത്തി ജാക്വുറ്റ് ചരിത്രം സൃഷ്ടിച്ചു.
റോബര്‍ട്ടോ കാര്‍ലോസും റൊണാള്‍ഡോയും കളിച്ച ബ്രസീലിനെ കീഴടക്കി ജാക്വുറ്റിന്റെ നീലപ്പട ലോകകപ്പ് ഉയര്‍ത്തി.

ഇപ്പോള്‍ 76 വയസായി ജാക്വുറ്റിന്. ഫ്രാന്‍സിനെ ലോകകപ്പ് ജേതാക്കളാക്കിയതിന് ശേഷം ജാക്വുറ്റ് കോച്ചിന്റെ കുപ്പായം അണിഞ്ഞിട്ടില്ല.
റഷ്യയില്‍ ഫ്രാന്‍സിന്റെ സാധ്യതകളെ കുറിച്ച് ചോദിച്ചാല്‍ ജാക്വുറ്റ് പറയും : എന്റെ ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംസിന്റെ ടീമല്ലേ ഇത്. ഒരു പറ്റം മികച്ച കളിക്കാരുള്ള ടീം. റഷ്യയില്‍ കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്ന് ഫ്രാന്‍സാണ്.