വിവാഹം കഴിക്കേണ്ട; പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാം: സുപ്രീം കോടതി

Posted on: May 6, 2018 10:05 pm | Last updated: May 7, 2018 at 9:19 am

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ നിയമതടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതിയുടെ സുപ്രധാന വിധി.

മലയാളികളായ തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി, തുഷാരയെ മാതാപിതാക്കളോടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ തുഷാരക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്റേതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടെന്നും കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.