ബി ജെ പിയെ തറപറ്റിക്കാന്‍ വീണ്ടും സഖ്യം

Posted on: May 6, 2018 2:31 pm | Last updated: May 6, 2018 at 2:31 pm

ലക്‌നോ/ റാഞ്ചി: ഈ മാസം 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ ഉത്തര്‍ പ്രദേശിലും ഝാര്‍ഖണ്ഡിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. യു പിയില്‍ രണ്ട് സീറ്റുകളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദ് പാര്‍ട്ടി (എസ് പി)യും രാഷ്ട്രീയ ലോക് ദളു (ആര്‍ എല്‍ ഡി)മാണ് കൈകോര്‍ക്കുന്നത്. ആര്‍ എല്‍ ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരിയും എസ് പി നേതാവ് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി കൈരാന ലോക്‌സഭാ മണ്ഡലത്തിലും നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചു. ഝാര്‍ഖണ്ഡിലെ ഗോമിയ, സില്ലി നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം)യാണ് നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയ ജനതാ ദള്‍, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സി പി ഐ, സി പി എം എന്നിവയാണ് ജെ എം എമ്മിനൊപ്പം കൈകോര്‍ക്കുന്നത്.

ഉപതിരഞ്ഞെടുപ്പിനൊപ്പം അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒന്നിക്കാനുള്ള വിശാല ധാരണയായിട്ടുണ്ടെന്ന് ആര്‍ എല്‍ ഡി വക്താവ് അനില്‍ ദുബെ പറഞ്ഞു. എസ് പി- ബി എസ് പി സഖ്യത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഗോരാഖ്പൂര്‍, ഫൂല്‍പൂര്‍ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് എസ് പിയും ആര്‍ എല്‍ ഡിയും. ബി എസ് പിയുടെ പിന്തുണയോടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും ഒഴിവുകളില്‍ വന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇരുമണ്ഡലങ്ങളിലും എസ് പി ചരിത്രവിജയം നേടിയിരുന്നു. കൈരാനയില്‍ ആര്‍ എല്‍ ഡി സ്ഥാനാര്‍ഥിയായി ജയന്ത് ചൗധരിയാകും മത്സരിക്കുക. ആര്‍ എല്‍ ഡി സ്ഥാനാര്‍ഥിക്ക് എസ് പിയുടെ പിന്തുണയുണ്ടാകും. നൂര്‍പൂറില്‍ എസ് പി സ്ഥാനാര്‍ഥി മത്സരിക്കും. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔപചാരിക പ്രഖ്യാപനമുണ്ടാകും. പ്രഖ്യാപനത്തിന് മുമ്പ് ബി എസ് പി മേധാവി മായാവതിയെ ഇക്കാര്യം അറിയിക്കും. ഒരു ഉപതിരഞ്ഞെടുപ്പിലും സജീവ പങ്ക് വഹിക്കില്ലെന്ന് ബി എസ് പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി പ്രതിനിധികളായ ഹുകും സിംഗ്, ലോകേന്ദ്ര സിംഗ് എന്നിവരുടെ മരണം കാരണമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടിടങ്ങളിലും എസ് പി സ്ഥാനാര്‍ഥികളെയാണ് ബി ജെ പി പരാജയപ്പെടുത്തിയിരുന്നത്.

യു പിയില്‍ നിന്ന് വിഭിന്നമായി നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനാണ് സഖ്യം. ജെ എം എം നിയമസഭാംഗങ്ങള്‍ അയോഗ്യരാക്കപ്പെട്ടതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. മറുപക്ഷത്ത് ബി ജെ പിക്ക് സഖ്യം നഷ്ടപ്പെടുകയാണ്. സീറ്റ് പങ്കുവെക്കലില്‍ പ്രതിഷേധിച്ച് ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പാര്‍ട്ടി (എ ജെ എസ് യു) ഇരു മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ഥികളെ വെച്ചിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ വെക്കാതിരിക്കാനാണ് സൂചനയെങ്കിലും ഗോമിയ മണ്ഡലത്തില്‍ എ ജെ എസ് യുവിനെതിരെ മത്സരിക്കും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനാലാണ് എം എല്‍ എമാര്‍ അയോഗ്യരായത്.