ഉത്തര കൊറിയ മുന്നിലേക്കോടി, ദക്ഷിണ കൊറിയക്ക് ഒപ്പമെത്താന്‍

Posted on: May 6, 2018 2:05 pm | Last updated: May 6, 2018 at 3:40 pm

പ്യോംഗ്യാംഗ്: ഉത്തര കൊറിയയിലെ ഘടികാരങ്ങളില്‍ സമയം അര മണിക്കൂര്‍ മുന്നിലാക്കി. ദക്ഷിണ കൊറിയയോട് സമാനമാക്കാന്‍ വേണ്ടിയാണിത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്ലോക്കുകളില്‍ സമയം മുന്നോട്ടാക്കുന്നത്. കൊറിയകള്‍ തമ്മിലുള്ള പുനരേകീകരണത്തിലേക്കുള്ള ആദ്യ ചുവടായാണ് ഉത്തര കൊറിയയുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്.

സമയം ക്രമീകരിക്കാനുള്ള തീരുമാനത്തിന് ഉത്തര കൊറിയന്‍ സുപ്രീം പീപ്പിള്‍സ് അസംബ്ലി അംഗീകാരം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ അറിയിച്ചു. മൂണ്‍- ഉന്‍ കൂടിക്കാഴ്ച നടന്ന പീസ് ഹൗസ് അവന്യൂവില്‍ രണ്ട് ക്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയില്‍പ്പെട്ട ഉന്‍ തന്നെ ഈ നില മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിയൂള്‍ സമയത്തില്‍ ഒരു ക്ലോക്കും പ്യോംഗ്യാംഗ് സമയത്തില്‍ മറ്റൊരു ക്ലോക്കും വേദനാജനകമായ കാഴ്ചയാണെന്ന് കിം ജോംഗ് ഉന്‍ പറഞ്ഞുവത്രേ.
ഇരു കൊറിയകളും പതിറ്റാണ്ടുകളായി ഒറ്റ ടൈം സോണായിരുന്നു ഉപയോഗിച്ചിരുന്നത്. 2015ലാണ് 30 മിനുട്ട് പിന്നോട്ടാക്കി ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നും ഉത്തര കൊറിയ വ്യത്യസ്തമായത്. 1910 മുതല്‍ 1945 വരെ നിലനിന്ന ജപ്പാന്‍ അധിനിവേശത്തെ ഓര്‍മിപ്പിക്കുന്നതാണ് ഏകീകരിച്ച സമയമെന്ന് ചൂണ്ടിക്കാട്ടിയാണ് 30 മിനുട്ട് പിറകിലേക്ക് ഉത്തര കൊറിയ മാറിയത്.

പഴയ നിലയിലേക്ക് മാറിയതോടെ ഉത്തര കൊറിയന്‍ സമയം ഗ്രീനിച്ച് മീന്‍ടൈമില്‍ നിന്ന് ഒന്‍പത് മണിക്കൂര്‍ മുന്നിലായി. ഉത്തര കൊറിയയുമായുള്ള ബന്ധം ഊഷ്മളമായ നിലയിലേക്ക് മാറുമെന്നും ഉച്ചകോടിയുടെ തീരുമാനങ്ങള്‍ ഒന്നൊന്നായി പ്രാബല്യത്തില്‍ വരുമെന്നുമുള്ള പ്രതീക്ഷയാണ് സമയം മാറ്റം നല്‍കുന്നതെന്ന് സിയൂള്‍ നഗരവാസികള്‍ അഭിപ്രായപ്പെട്ടു.
സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലുള്ള ഇരു കൊറിയകളും യുദ്ധ വിരാമ കരാര്‍ ഒപ്പിടുക, കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് തുറക്കുക തുടങ്ങി നിരവധി തീരുമാനങ്ങള്‍ ഇനിയും നടപ്പാകാനുണ്ട്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കിം ജോംഗ് ഉന്‍ ചര്‍ച്ച നടത്തും. കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തത്.