സമൂഹത്തിന് ദിശാബോധം നല്‍കാന്‍ മുസ്‌ലിം ജമാഅത്തിന് കഴിയും: മുഖ്യമന്ത്രി

Posted on: May 6, 2018 1:50 pm | Last updated: May 6, 2018 at 3:07 pm
കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള ഉമറാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സമുദായത്തിനും സമൂഹത്തിനും ദിശാബോധം നല്‍കാന്‍ കേരള മുസ്‌ലിം ജമാഅത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ദേശീയതലത്തില്‍ യാതൊരു നടപടികളുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ത്തമാന കാല സാഹചര്യങ്ങള്‍ വിലയിരുത്തി കുറവുകളുണ്ടെങ്കില്‍ പുരോഗമനപരമായി മാറ്റിയെടുക്കാന്‍ ഉമറാ സമ്മേളനത്തിലൂടെ കഴിയും. പരസ്പര സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് മതങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന യാഥാര്‍ഥ്യം കൂടുതല്‍ പേരിലെത്തിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാപൗരന്മാരും തുല്യരാണെന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക് ആയ ഇന്ത്യയില്‍ ഒരു വിഭാഗം മറ്റുചിലരേക്കാള്‍ വലിയതോതില്‍ പിന്നാക്കം പോയി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ദയനീയ സ്ഥിതി. സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായ പരിഹാര നിര്‍ദേശങ്ങള്‍ ദേശീയതലത്തില്‍ നടപ്പാക്കിയില്ല.
ന്യൂനപക്ഷങ്ങളുടെ ആശങ്ക ദൂരികരിക്കാന്‍ കഴിയും വിധം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതുവരെയുള്ള ഭരണം വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിഗണന അവര്‍ക്കുള്ള ആനുകൂല്യമല്ല, അവകാശമാണെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷ വേട്ട വര്‍ധിക്കുന്നു
കോഴിക്കോട്: രാജ്യത്ത് ന്യൂനപക്ഷ വേട്ട വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി. ഭക്ഷണം, വസ്ത്രം, ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവയെല്ലാം രാഷ്ട്രീയ വിഷയമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കത്വ സംഭവത്തില്‍ രാജ്യത്താകെ ഉയര്‍ന്ന ജനരോഷം മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിട്ട് നാട്ടില്‍ അസ്വസ്ഥതതയുണ്ടാക്കാന്‍ ശ്രമം നടന്നു. പോലീസിന്റെ ഇടപെടലാണ് ഇതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവന്നത്. മതാത്മകത വര്‍ഗീയതയായും വര്‍ഗീയത ഭീകരവാദമായും മാറുന്നതില്‍ ജാഗ്രത പുലര്‍ത്തണം. വര്‍ഗീയത പ്രചരിപ്പിക്കാന്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നത് തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.