ഉന്‍ പറയും; ട്രംപ് കേള്‍ക്കും

Posted on: May 6, 2018 11:55 am | Last updated: May 6, 2018 at 11:57 am


‘ഞാന്‍ കിം ജോംഗ് ഉന്നിനെ കാണുന്നത് തമാശ പറയാനല്ല. ലോകത്തിനാകെ ഗുണമുള്ള ചില തീരുമാനങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനാണ്’- ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ നടക്കുമെന്ന് കരുതപ്പെടുന്ന ചരിത്രപരമായ കൂടിക്കാഴ്ചയെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ട്വീറ്റാണ് ഇത്. ഉത്തര കൊറിയന്‍ നേതാവുമായി ചര്‍ച്ചക്ക് സന്നദ്ധമാകുമ്പോഴും താന്‍ ഒരു പടി മുകളിലാണെന്ന ധ്വനി പടര്‍ത്താനുള്ള ട്രംപിന്റെ വിഫല ശ്രമം ഈ വാക്കുകളില്‍ കാണാവുന്നതാണ്. ലോകത്തിന് വേണ്ടിയുള്ള ത്യാഗമാണ് താന്‍ ചെയ്യുന്നതെന്നും സമന്‍മാര്‍ തമ്മിലല്ല സംസാരിക്കുന്നതെന്നും അദ്ദേഹം പറയാതെ പറഞ്ഞു വെക്കുന്നു. കിം ജോംഗ് ഉന്‍ തെറ്റാണെന്നും അദ്ദേഹത്തെ ശരിയിലേക്ക് നയിക്കാന്‍ തനിക്ക് സാധിക്കുമെന്നും ട്രംപ് പ്രചരിപ്പിക്കുന്നു. സത്യത്തില്‍ ശരിയുടെ പാതയില്‍ ഏറെ മുന്നേറിയ ഉന്നിനെയാണ് ട്രംപ് അഭിമുഖീകരിക്കാന്‍ പോകുന്നത്. തന്ത്രപരമായ നീക്കങ്ങളിലും ഉത്തര കൊറിയന്‍ നേതാവ് ഒരു പാട് ഗോളുകള്‍ അടിച്ചു കൂട്ടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പ് ഈ പംക്തിയില്‍ എഴുതിയത് യാഥാര്‍ഥ്യമായിരിക്കുകയാണ്: ‘സമാധാന ഗതികളെയാകെ തകിടം മറിക്കുന്ന അത്യാഹിതങ്ങള്‍ ഉണ്ടായില്ലെങ്കില്‍, പ്രതിനായക വേഷത്തില്‍ മാത്രം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന കിം ജോംഗ് ഉന്‍ യഥാര്‍ഥ നായകനായി മാറും’. പ്രതിച്ഛായകള്‍ മാറിമറിഞ്ഞിരിക്കുന്നു. കാര്‍ക്കശ്യത്തില്‍ നിന്ന് ഉദാരതയിലേക്കും നിഗൂഢതയില്‍ നിന്ന് തുറസ്സിലേക്കും യുദ്ധോത്സുകതയില്‍ നിന്ന് സമാധാന വാഞ്ഛയിലേക്കും വികാരത്തില്‍ നിന്ന് വിചാരത്തിലേക്കും സഞ്ചരിച്ച ഉന്നാണ് ലോകത്തിന്റെ മുമ്പില്‍ ഇപ്പോഴുള്ളത്. കൈയില്‍ നിന്ന് ഒന്നും വിട്ടുകൊടുക്കാതെയാണ് ഉന്‍ ഇത് നേടിയതെന്ന് കൂടി കാണണം. ഒരു മിസൈലും അദ്ദേഹം നിര്‍വീര്യമാക്കിയിട്ടില്ല. ഒരു ആണവ നിലയവും അടച്ച് പൂട്ടിയിട്ടില്ല. അതിര്‍ത്തിയില്‍ നിന്ന് ഒരു സൈനികനെപ്പോലും പിന്‍വലിച്ചിട്ടില്ല. നാളെ എന്ത് നടക്കുമെന്ന് ഒരു ഉറപ്പുമില്ല. എല്ലാത്തിനും തയ്യാറെന്ന് പറഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഉന്‍ അനിശ്ചിതത്വത്തിന്റെ സകല സാധ്യതകളും അവശേഷിപ്പിച്ചിട്ടുണ്ട്. പ്രതിച്ഛായാ നിര്‍മിതിയുടെ അങ്ങേയറ്റത്തെ കൗശലമാണ് ഉന്‍ പുറത്തെടുത്തത്. അതുകൊണ്ട് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് ഏറെ ഉയരത്തിലാണ് ഇപ്പോള്‍ അദ്ദേഹം നില്‍ക്കുന്നത്. ട്രംപിനെ കാണുന്നതോടെ ആ ഉയരം കൂടുകയേ ഉള്ളൂ.

ഈ പ്രതിസന്ധി മറികടക്കാന്‍ രണ്ട് കാര്യങ്ങളാണ് അമേരിക്ക ചെയ്യുന്നത്. ഒന്ന് ട്രംപ് – ഉന്‍ കൂടിക്കാഴ്ചയില്‍ അനിശ്ചിതത്വം തീര്‍ന്നിട്ടില്ലെന്ന് പ്രചരിപ്പിക്കുക. ഇത് ചെയ്യുന്നത് വൈറ്റ് ഹൗസിലെ ഉന്നതരാണ്. ട്രംപ് പുറത്ത് പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങളെന്നും കൂടിക്കാഴ്ച നടക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നു. ആണവ നിരായുധീകരണത്തില്‍ ഉത്തര കൊറിയക്ക് ആത്മാര്‍ഥതയുണ്ടെന്നതിന് സോളിഡായ തെളിവ് വേണം. ദക്ഷിണ കൊറിയയിലെ യു എസ് സൈനിക സാന്നിധ്യം പിന്‍വലിക്കണമെന്ന ആവശ്യം ഉ. കൊറിയ മുന്നോട്ട് വെക്കാന്‍ പാടില്ല. ഇങ്ങനെ പോകുന്നു വൈറ്റ് ഹൗസിന്റെ നിബന്ധനകള്‍. ഈ തന്ത്രം പക്ഷേ, ട്രംപിന് താത്പര്യമില്ല. ഉന്നുമായി സംസാരിച്ച് എല്ലാം ശരിയാക്കിയ അമേരിക്കന്‍ പ്രസിഡന്റായി ചരിത്രപുരുഷനാകാനുള്ള വെമ്പലിലാണ് അദ്ദേഹം. അപ്പോഴും മേല്‍ക്കൈ വിടാന്‍ ഒരുക്കമല്ല. അതുകൊണ്ട് രണ്ടാമത്തെ തന്ത്രം അദ്ദേഹം പയറ്റുന്നു. എട്ടുകാലി മമ്മൂഞ്ഞ് ആകുക തന്നെ. കൊറിയന്‍ ഉപദ്വീപില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സര്‍വ നല്ല കാര്യങ്ങളുടെയും ക്രഡിറ്റ് ഏറ്റെടുക്കുകയാണ് തന്ത്രം. കൊറിയകളുടെ അതിര്‍ത്തിയിലുള്ള ദ. കൊറിയന്‍ പ്രദേശമായ പാന്‍മുന്‍ജോണില്‍ കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ആശ്ലേഷബദ്ധരായി ചിരിച്ചു നില്‍ക്കുന്ന ചിത്രം ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ തന്നെ ട്രംപ് ട്വീറ്റ് ചെയ്തു. കൊറിയന്‍ വാര്‍ ഗോയിംഗ് ടു എന്‍ഡ്.
മിലിട്ടറി ഡീ മാര്‍ക്കേഷന്‍ വരമ്പ് കവച്ച് വെച്ച് ദ. കൊറിയന്‍ ഭാഗത്തേക്ക് കടന്ന ഉന്‍ ഉറ്റസുഹൃത്തിനെയെന്നപോലെ മൂണ്‍ ഇന്നിന്റെ കൈപിടിച്ച് രണ്ട് മൂന്ന് ചുവടുകള്‍ വെച്ച് ഉ. കൊറിയന്‍ ഭാഗത്തേക്ക് കൊണ്ടുവന്ന ശേഷം ഇരുവരും വീണ്ടും തിരിച്ചു നടന്നു. ദ. കൊറിയന്‍ മണ്ണിലേക്ക്. അത്യന്തം നാടകീയവും വൈകാരികവുമായ രംഗങ്ങള്‍. കൊറിയക്കാരുടെ പരമ്പരാഗത വികാരവായ്പിന്റെ എല്ലാ ചേരുവകളും ആ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. വിളമ്പിയ ഭക്ഷണത്തിലും പാടിയ പാട്ടിലും നട്ട മരത്തിലും മൊഴിഞ്ഞ വാക്കുകളിലും സ്പര്‍ശങ്ങളിലുടനീളവും ഇരു കൊറിയകളുടെയും പുനരേകീകരണത്തിന്റെ പ്രതീക്ഷയാണ് നിറഞ്ഞ് നിന്നത്. രാഷ്ട്രീയമായ ഒരു ചടങ്ങില്‍ നിന്ന് സാംസ്‌കാരികമായ ആവിഷ്‌കാരമായി ആ കൂടിക്കാഴ്ച മാറ്റാന്‍ ഇരു കൊറിയക്കും സാധിച്ചു. 1950ല്‍ തുടങ്ങിയ കൊറിയന്‍ യുദ്ധം 1953ല്‍ അവസാനിച്ചുവെങ്കിലും സമാധാന ഉടമ്പടിയില്‍ ഒപ്പു വെക്കാത്തതിനാല്‍ സാങ്കേതികമായി ഈ രാജ്യങ്ങള്‍ യുദ്ധത്തില്‍ തന്നെയാണ്. ഈ നില മാറ്റുന്നതിനായി ഉടന്‍ യുദ്ധ വിരാമ കരാറില്‍ ഒപ്പു വെക്കും. ആണവ നിരായുധീകരണത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമായിരിക്കും. അതിര്‍ത്തിയില്‍ ഹൈവാട്ട്‌സ് ഉച്ചഭാഷിണി വെച്ച് ദേശസ്‌നേഹ ഭാഷണം നടത്തുക, അപര രാഷ്ട്രത്തെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ കൂറ്റന്‍ ബലൂണുകള്‍ പറത്തുക തുടങ്ങിയ വിചിത്രമായ ശത്രുതാ പ്രകടനങ്ങള്‍ പൂര്‍ണമായി നിര്‍ത്തും. ഇരു കൊറിയകളുടെയും സംയുക്ത സംരംഭമായ കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് ഉടന്‍ തുറക്കും. മൂണ്‍ ജെ ഇന്‍ ഉത്തര കൊറിയയില്‍ ചെല്ലും. ഹോട്ട്‌ലൈന്‍ ബന്ധം കൂടുതല്‍ സമയത്തിലേക്കും തവണകളിലേക്കും വര്‍ധിപ്പിക്കും. ഇങ്ങനെ പോകുന്നു സംയുക്ത പ്രസ്താവനയിലെ സൗഹൃദ പ്രഖ്യാപനങ്ങള്‍.
ഈ വിശദാംശങ്ങള്‍ വരുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് മിഷിഗണിലെ ഒരു പൊതു പരിപാടിയിലായിരുന്നു. പ്രസംഗത്തില്‍ നല്ല പങ്കും അദ്ദേഹം ചെലവഴിച്ചത് കൊറിയന്‍ ഉപദ്വീപിലെ സംഭവവികാസങ്ങളെ പുകഴ്ത്താനാണ്. ആ പ്രസംഗത്തിനൊടുവില്‍ ഒട്ടും ജാള്യമില്ലാതെ അദ്ദേഹം പറഞ്ഞു: അമേരിക്കയില്‍ ശക്തനായ ഒരു നേതാവുണ്ടാകുമ്പോള്‍ ഇത്തരം നല്ല വാര്‍ത്തകള്‍ കേള്‍ക്കും. നമ്മുടെ മുന്‍ഗാമികള്‍ കൊറിയയെ അനുനയിപ്പിക്കാന്‍ കുറേ പണം ചെലവിട്ടു. അതൊക്കെയും പാഴായിപ്പോയി. ഇപ്പോള്‍ എന്താണ് വ്യത്യാസം? കഴിഞ്ഞ മാസം വരെ ഉത്തര കൊറിയന്‍ മേധാവി എന്താണ് ആക്രോശിച്ചിരുന്നത്? ഇപ്പോഴെന്തായി?’

ഒരു കാര്യം വസ്തുതയാണ്. വേനല്‍ക്കാല ഒളിമ്പിക്‌സില്‍ ഇരു കൊറിയകളും സംയുക്തമായി പങ്കെടുത്തത് തൊട്ടുള്ള ബന്ധ പൂരണ നടപടികളുടെ കാര്യത്തില്‍ ദക്ഷിണ കൊറിയ ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം തേടിയിട്ടുണ്ടാകാം. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ജപ്പാന്റെ അധീനതയിലായിരിക്കുകയും യുദ്ധത്തില്‍ അവര്‍ തോറ്റമ്പിയപ്പോള്‍ സോവിയറ്റ് യൂനിയനും അമേരിക്കയും കൊറിയകളെ പങ്കിട്ടെടുക്കുകയും ചെയ്തത് തൊട്ട് ദ. കൊറിയ അമേരിക്കയുടെ പോക്കറ്റിലാണ്. കൊറിയന്‍ യുദ്ധം അനിവാര്യമാക്കിയതും ഉത്തര കൊറിയയെ ആയുധ സംഭരണത്തിന്റെ വഴിയിലേക്ക് വലിച്ചിഴച്ചതും അമേരിക്കന്‍ നയങ്ങളാണ്. യു എസ് ഉത്തര കൊറിയയില്‍ വര്‍ഷിച്ച ബോംബുകളും മിസൈലുകളും ചരിത്രത്തില്‍ നിന്ന് അത്രയെളുപ്പം മായ്ച്ചു കളയാവുന്നതല്ല. ദക്ഷിണ കൊറിയയില്‍ ഇപ്പോഴും 30,000 അമേരിക്കന്‍ സൈനികരുണ്ട്. കടലിലും കരയിലുമായി വന്‍ ആയുധ സന്നാഹവുമുണ്ട്. അതുകൊണ്ട് ദ. കൊറിയ കൈകൊള്ളുന്ന ഏത് തീരുമാനത്തിലും അമേരിക്കന്‍ പങ്ക് ഉണ്ടായേ തീരൂ.
എന്നാല്‍ ട്രംപ് അവകാശപ്പെടുന്ന തരത്തിലുള്ള ഉപഗ്രഹ രാഷ്ട്രമല്ല ഇന്ന് ദ. കൊറിയ. സ്വയം നിര്‍ണയത്തിന്റെ തുറസ്സിലേക്ക് ആ രാജ്യത്തെ നയിച്ചതില്‍ ഇപ്പോഴത്തെ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ പങ്ക് നിര്‍ണായകമാണ്. ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്‌തെത്തിയ ഇന്നിന്റെ വേരുകള്‍ ഇപ്പോഴും അവിടെയാണുള്ളത്. മറ്റ് പലരേയും പോലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ ശേഷിപ്പുമായി സംഗമിക്കുന്നത് പുനസ്സമാഗമത്തിനായി ഇരു കൊറിയകളും ഔദ്യോഗികമായി സൃഷ്ടിക്കുന്ന പരിമിതമായ ചടങ്ങുകളില്‍ മാത്രമാണ്. യുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധവിരുദ്ധനായി മാറിയതാണ് ഇന്‍. മനുഷ്യാവകാശ അഭിഭാഷകനായ അദ്ദേഹം തുടക്കം മുതലേ ഉ. കൊറിയയുമായുള്ള സൗഹൃദത്തിനായി വാദിച്ചയാളാണ്. സമാധാന ചര്‍ച്ചകള്‍ക്കായി ഉത്തര ഭാഗത്തേക്ക് സഞ്ചരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുമായുള്ള സമീപനത്തിലും താന്‍ വ്യത്യസ്തനാണെന്ന് അദ്ദേഹം തെളിയിച്ചു. തന്റെ രാജ്യത്ത് അമേരിക്ക വിന്യസിച്ച മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം റദ്ദാക്കിക്കൊണ്ടാണ് മൂണ്‍ ജെ ഇന്‍ യു എസിന് വ്യക്തമായ സന്ദേശം നല്‍കിയത്. അതുകൊണ്ട് ഇങ്ങനെയൊരു പ്രസിഡന്റ് ദ. കൊറിയയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഉന്നിന്റെ പ്രതിച്ഛായാ നിര്‍മിതി ഇത്രമാത്രം വര്‍ണശബളമാകില്ലായിരുന്നു.
ഏഷ്യാ സൊസൈറ്റിയിലെ ഡാനിയല്‍ ആര്‍ റസല്‍ പറയുന്നത് ഏറെ പ്രസക്തമാണ്: ‘ഡൊണാള്‍ഡ് ട്രംപ് ഈ കഥയിലെ ഒരു കഥാപാത്രം മാത്രമാണ്. നായകനുണ്ടെങ്കില്‍ അത് കിം ജോംഗ് ഉന്‍ എന്ന 34കാരനാണ്’.

ട്രംപുമായി ഫൈനല്‍ എംഗേജ്‌മെന്റിലേക്കുള്ള ചുവടുകള്‍ അങ്ങേയറ്റം കരുതലോടെയായിരിക്കണമെന്ന് ഉന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നുവെന്ന് വേണം വിലയിരുത്താന്‍. ബീജിംഗില്‍ ചെന്ന് സി ജിന്‍ പിംഗിനെ കണ്ടത് ഏറ്റവും പ്രധാനപ്പെട്ട നീക്കമായിരുന്നു. ഒരു മാധ്യമത്തിനും ഒരു ചാരക്കണ്ണിനും പിടികൊടുക്കാതെയായിരുന്നുവല്ലോ ആ കൂടിക്കാഴ്ച. ചൈനയുടെ ബന്ധുത്വം ശക്തമായി ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കയോട് സംസാരിക്കുമ്പോള്‍ ആ ബന്ധം നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. മേഖലയിലെ ശാക്തിക ബലാബലത്തില്‍ നായക സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രത്തിന്റെ പിന്‍ബലം തനിക്കുണ്ടെന്നും എല്ലാ നിബന്ധനകളും മേഖലാ പരമായ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തായിരിക്കണമെന്നും ട്രംപിനോട് വ്യക്തമായി പറയുകയാണ് ഉന്‍ ചെയ്യുന്നത്.
ഈ മനശ്ശാസ്ത്ര യുദ്ധത്തിലെ രണ്ടാം ഘട്ടം ഉന്‍ ജയിക്കുന്നത് ദ. കൊറിയയുമായി കൈകോര്‍ത്തു കൊണ്ടാണ്. തെക്കുമായുള്ള ഊഷ്മളമായ ബന്ധം അമേരിക്കന്‍ ഉപരോധത്തെയാകെ ദുര്‍ബലമാക്കുമെന്നുറപ്പാണ്. ഉപരോധിച്ചു കളയുമെന്നതാണല്ലോ ട്രംപിന്റെ പ്രധാന ഭീഷണി. ഉപരോധം നടപ്പാക്കി വരുന്നത് ദക്ഷിണ കൊറിയയുടെ കൂടി സഹകരണത്തിലാണ്. ചൈന പോലും ആ മര്യാദപഠിപ്പിക്കലില്‍ പങ്കാളിയാകാറുണ്ട്. പുതിയ സാഹചര്യത്തില്‍ അത് പഴയപോലെ നടക്കില്ല. പിന്നെയുള്ളത് യുദ്ധ ഭീഷണിയാണ്. അമേരിക്കയുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രം. ഉത്തര, ദക്ഷിണ കൊറിയകള്‍ കൈകോര്‍ക്കുന്നതോടെ യുദ്ധം സമ്പൂര്‍ണമായി അപ്രസക്തമാകും. ഏകീകൃത കൊറിയയെ ആക്രമിക്കാന്‍ അമേരിക്കക്കെന്നല്ല ഒരു ശക്തിക്കും സാധ്യമല്ല.
ചിത്രം വ്യക്തമാണ്. ട്രംപിന്റെ കൈയിലെ ആയുധങ്ങളെല്ലാം നിഷ്ഫലമായിരിക്കുന്നു. വില പേശല്‍ ശക്തിയുള്ളത് ഉന്നിനാണ്. മേഖലയില്‍ നിന്ന് അമേരിക്കന്‍ പിന്‍മാറ്റമെന്ന ഒറ്റ അജന്‍ഡയില്‍ ചെറുക്കന്‍ ഉറച്ച് നില്‍ക്കും. ആ ആവശ്യത്തിന് ട്രംപ് എത്ര കണ്ട് വഴങ്ങുമെന്നതിനനുസരിച്ചിരിക്കും ഉച്ചകോടിയുടെ ജയപരാജയങ്ങള്‍.