ബി എസ് എന്‍ എല്‍ ഈവര്‍ഷം 24 ലക്ഷം മൊബൈല്‍ കണക്ഷന്‍ നല്‍കും

Posted on: May 5, 2018 4:05 pm | Last updated: May 5, 2018 at 4:05 pm

തിരുവനന്തപുരം: ബി എസ് എന്‍ എല്‍ ഈ വര്‍ഷം പുതിയ 24 ലക്ഷം മൊബൈല്‍ കണക്ഷനുകളും രണ്ട് ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 1.8 ലക്ഷം കണക്ഷനുകളും 30,000 ഫൈബര്‍ ടു ദി ഹോം കണക്ഷനുകളും നല്‍കുമെന്ന് ബി എസ് എന്‍ എല്‍ കേരളം ചീഫ് ജനറല്‍ മാനേജര്‍ പി ടി മാത്യു പത്രസമ്മേളനത്തില്‍ അറിയിച്ചു. 4ജി സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഈവര്‍ഷം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ 4ജി സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 18 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളാണ് നല്‍കിയത്. ബി എസ് എന്‍ എല്ലിലേക്ക് പ്രതിവര്‍ഷം 20,000 പേര്‍ പോര്‍ട്ട് ഇന്‍ ചെയ്യുമ്പോള്‍ 10,000 പേര്‍ മാത്രമാണ് പോര്‍ട്ട് ഔട്ട് ചെയ്യുന്നത്. നിലവില്‍ കേരളത്തില്‍ 1.5 കോടി മൊബൈല്‍ കണക്ഷനുകള്‍ കേരളത്തിലുണ്ട്. കടുത്ത മത്സരം നേരിട്ടെങ്കിലും കേരളത്തില്‍ വരുമാനത്തിന്റെ കാര്യത്തിലും ലാഭത്തിന്റെ കാര്യത്തിലും ബി എസ് എന്‍ എല്‍ കേരളത്തില്‍ ഒന്നാമതായി തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്റെ ഭാഗമായി 710 4ജി മൊബൈല്‍ ബി ടി എസുകളും 1050 3ജി മൊബൈല്‍ ബി ടി എസുകളും 150 2ജി മൊബൈല്‍ ബി ടി എസുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഡിസംബറിനകം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. 620 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ കൂടി സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഫൈബര്‍ ടു ഹോം സാങ്കേതിക വിദ്യ ഉപയോഗിച്ച് 100 എം ബി പി എസ് വേഗതവരെയുള്ള ഇന്റര്‍നെറ്റ് സേവനം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ എല്ലാ എക്‌സ്‌ചേഞ്ചുകളിലും നടപ്പിലാക്കും.

20 ദിവസ കാലാവധിയില്‍ 99 രൂപക്കു പരിധിയില്ലാതെ രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകളും 1199രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും പരിധിയില്ലാത്ത കോളുകള്‍ ലഭ്യമാകുന്ന കുടുംബ ബ്രോഡ്ബാന്റ് കണക്ഷനൊപ്പം പരിധിയില്ലാത്ത കോളുകളും ഡേറ്റയും ലഭ്യമായ മൂന്ന് മൊബൈല്‍ കണക്ഷനും ലഭ്യമാകും.

പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കായി സഊദി അറേബ്യയിലേക്ക് ഇന്റര്‍നാഷനല്‍ റോമിംഗ് സൗകര്യവും ബി എസ് എന്‍ എല്‍ ആരംഭിച്ചു. സഊദി അറേബ്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ സെയ്‌നുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.