ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത് മാനവികതയുടെ സന്ദേശം: മുഖ്യമന്ത്രി

Posted on: May 5, 2018 12:58 pm | Last updated: May 5, 2018 at 5:41 pm
കോഴിക്കോട്ട് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഉമറാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വപ്‌ന നഗരി (കോഴിക്കോട്): വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മതദര്‍ശനം മാനവിക ദര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണത്തിന്റെും സഹവര്‍ത്തിത്വത്തിന്റെയും നന്മയുടെയും വാതിലുകളാണ് ഖുര്‍ആന്‍ തുറന്നുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നന്മയിലും പുണ്യത്തിലും ആരുമായും സഹകരിക്കാനും തിന്മയിലും കുറ്റകൃത്യങ്ങളിലും ആരുമായും സഹകരിക്കാതിരിക്കാനുമാണ് ഖുര്‍ആന്റെ ഉദ്‌ബോധനം. ഇത് സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനം തന്നെയാണെന്ന് പൂര്‍ണമായും നമുക്ക് ഉള്‍ക്കൊള്ളാനാകും. സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് നമ്മുടെ പാരമ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഇന്ന് നടക്കുന്ന പല സംഭവങ്ങളും നമ്മെ ഉത്കണ്ഠപെടുത്തുന്നതാണ്. പലയിടങ്ങളിലും വെറുപ്പും അക്രമവും പ്രചരിപ്പിക്കപ്പെടുകയാണ്. അത്തരം വെറുപ്പ് പ്രചരിപ്പിക്കുന്നതിനെയും അക്രമം വളര്‍ത്തുന്നതിനെയും സാധൂകരിക്കാന്‍ ചിലര്‍ മതങ്ങളെയും മതഗ്രന്ഥങ്ങളെയും ഉദ്ധരിക്കുന്നു. എന്നാല്‍ എല്ലാ മതങ്ങളും സമൂഹത്തിന് മുന്നില്‍ നല്‍കുന്ന സന്ദേശം പരസ്പര സ്‌നേഹത്തീന്റെയും സഹവര്‍തിത്വത്തിന്റെയും സമാധാനത്തിന്റെയുമാണ്. ഇക്കാര്യം വെറുപ്പും അക്രമവും വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താനും സ്‌നേഹത്തിന്റെും സഹവതര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഉമറാ സമ്മേളനം പേലുള്ള പരിപാടികള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.