ബിജെപി രക്തസാക്ഷി പട്ടികയില്‍പെട്ടയാള്‍ ഉഡുപ്പിയില്‍ ബാന്റ് കൊട്ടുന്നു!

Posted on: May 5, 2018 11:21 am | Last updated: May 5, 2018 at 4:42 pm

മംഗളൂരു: കര്‍ണാടകയിലെ ബിജെപിയുടെ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവം. ബിജെപി എംഎല്‍എ ഷോഭ കരന്തലജെ കേന്ദ്രത്തിന് നലകിയ 23 രക്തസാക്ഷികളുടെ പട്ടികയില്‍ ഒന്നാമതുള്ള അശോക് പൂജാരെ എന്നയാളാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നത്. ഉഡുപ്പിയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ് ‘രക്തസാക്ഷി’യായ ഇയാള്‍.

തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ തുരുപ്പുചീട്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഭരണത്തില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ പട്ടിക. ഇത് ഉയര്‍ത്തിക്കാട്ടി പ്രചാരണത്തില്‍ മുന്നേറുമ്പോഴാണ് കൂട്ടത്തിലൊരാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.

2015ലാണ് ബജ്‌റംഗ്ദള്‍, ബിജെപി പ്രവര്‍ത്തകനായ പൂജാരെയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ഒടുവില്‍ ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും അപ്പോഴെക്കും പൂജാരെയെ ബിജെപി രക്തസാക്ഷി പട്ടികയില്‍ പെടുത്തിയിരുന്നു. വിവാഹ വീടുകളില്‍ ബാന്റെ് കൊട്ടലാണ് പൂജാരെയുടെ ജോലി.

സംഭവം വിവാദമായതൊടെ പൂജാരെയുടെ പേര് അബദ്ധത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്ന് കാണിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ശോഭ കരന്തലജെ പൂജാരെയെ നേരില്‍ വിളിച്ച് ഈ കാര്യം അറിയിക്കുകയും ചെയ്തു.