Connect with us

Kerala

വേനല്‍മഴ ഇക്കുറി കൂടും; കാലവര്‍ഷം നേരത്തെയെത്തിയേക്കും

Published

|

Last Updated

rainകൊച്ചി: സംസ്ഥാനത്ത് ഇത്തവണ വേനല്‍മഴ കൂടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അന്തരീക്ഷ ഊഷ്മാവ് വന്‍തോതില്‍ ഉയര്‍ന്നത് സംസ്ഥാനത്ത് ഇക്കുറി കൊടുംവരള്‍ച്ചയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും നിലവിലുള്ള കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി വേനല്‍മഴ ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം.

കഴിഞ്ഞ മാസം പകുതിയോടെ ഒറ്റപ്പെട്ട നിലയില്‍ ലഭിച്ചുവരുന്ന വേനല്‍മഴ കാറ്റിന്റെ ഗതിവേഗത്തിനനുസരിച്ച് ശക്തിപ്രാപിച്ചുവരികയാണെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂനമര്‍ദ പാത്തി രൂപപ്പെടുന്നതോടെ വേനല്‍മഴ ഇനിയും ശക്തിപ്പെടുമെന്നാണ് കരുതുന്നതെന്ന് നിരീക്ഷകര്‍ അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ്് വേനല്‍മഴയില്‍ ഇക്കുറി കുറവ് വന്നതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി കെ സന്തോഷ് പറഞ്ഞു. അതേസമയം, ഇവിടങ്ങളിലടക്കം ഇനിയും സാധാരണ നിലയില്‍ കൂടുതല്‍ വേനല്‍മഴ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, തൃശൂര്‍, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തു. കൊടുങ്ങല്ലൂര്‍(തൃശൂര്‍) -53.0 മില്ലിമീറ്റര്‍, പാലക്കാട്- 65 മി. മീ., കൊച്ചി- 28 മി.മീ,കോട്ടയം- 25.0 എന്നിങ്ങനെയാണ് ഇന്നലെ രേഖപ്പെടുത്തിയ മഴയുടെ അളവ്.
മാര്‍ച്ച് ഒന്ന് മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇത്തവണ സ്ഥായിയായ മണ്‍സൂണ്‍ മഴയായിരിക്കും ലഭിക്കുകയെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥാ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. പതിവിന് വിപരീതമായി മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്നും അടുത്ത മാസം പകുതിയോടെ കേരള തീരത്തേക്ക് മണ്‍സൂണ്‍ മേഘങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ ഉണ്ടാകുമെന്ന് ചില സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. ലോംഗ് പീരീഡ് ആവറേജ് (എല്‍ പി എ) അനുസരിച്ച് ഒരു വര്‍ഷം 884 മില്ലി മീറ്റര്‍ മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. ഇക്കുറിയും അതില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ഇവരുടെ പഠനം വ്യക്തമാക്കിയിട്ടുള്ളത്. ജൂണില്‍ ലോംഗ് പീരീഡ് ആവറേജിനെക്കാള്‍ 111 ശതമാനം മഴ ലഭിക്കും. കേരളത്തിലും ഇത് ബാധകമായിരിക്കും.

ജൂലൈയില്‍ 97 ശതമാനം മഴ ലഭിക്കുമെന്നും ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നു. 2017ല്‍ 96 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 97 ശതമാനമാണ് കഴിഞ്ഞ തവണ ശരാശരി മഴ ലഭിച്ചത്. അതേസമയം, 2016ല്‍ 1870.3 മില്ലിമീറ്റര്‍ ആയിരുന്നു സംസ്ഥാനത്തെ ശരാശരി മഴ. 2017ല്‍ സംസ്ഥാന ശരാശരി 2222.4 മില്ലിമീറ്ററുമായിരുന്നു രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മുമ്പുള്ള മഴക്കുറവ് നികത്താന്‍ തക്ക ശക്തിയിലായിരിക്കും ഇത്തവണ മണ്‍സൂണ്‍ എത്തുകയെന്നും കാലാവസ്ഥാ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 3,000 മില്ലിമീറ്റര്‍ മഴയാണ് ഒരു വര്‍ഷം ശരാശരി കേരളത്തില്‍ പെയ്യേണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷവും ഇതു കുറഞ്ഞതാണ് കടുത്ത വരള്‍ച്ചക്കിടയാക്കിയിരുന്നത്. ആകെ മഴയുടെ 68 ശതമാനവും പെയ്യേണ്ടത് ജൂണ്‍മുതല്‍ സെപ്തംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്താണ്. മണ്‍സൂണ്‍ കാലം കഴിഞ്ഞാല്‍ ഒക്ടോബര്‍, നവംബറിലെ തുലാവര്‍ഷമാണ് പ്രതീക്ഷിക്കാനുള്ളത്. എന്നാല്‍, തുലാവര്‍ഷവും അടുത്ത കാലത്തായി ദുര്‍ബലമായിരുന്നു.

ഇത്തവണ തുലാവര്‍ഷം തീര്‍ത്തും ദുര്‍ബലമായിരുന്നു. പാലക്കാട് ജില്ലയില്‍ 60 ശതമാനവും വയനാട് 50 ശതമാനവുമാണ് തുലാവര്‍ഷത്തിന്റെ കുറവ് കണക്കാക്കിയിരുന്നത്. കാസര്‍കോട് 46, കോഴിക്കോട് 34, കണ്ണൂര്‍ 27, മലപ്പുറം 23 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കുറവ്.
തൃശൂര്‍ ജില്ലയിലും 31 ശതമാനം കുറഞ്ഞു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 13വരെയുള്ള കണക്കെടുത്താല്‍ പത്തനംതിട്ട ജില്ലയില്‍ 46 ശതമാനം മഴ അധികം ലഭിച്ചു. കൊല്ലത്ത് 44ഉും തിരുവനന്തപുരത്ത് 32ഉം ശതമാനം അധികം മഴ ലഭിച്ചതായും കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. നിലവിലെ സൂചനയനുസരിച്ച് വേനല്‍മഴ പെയ്താല്‍ കഴിഞ്ഞ നാളുകളിലെ മഴക്കുറവ് നികത്താന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നുണ്ട്്. കാലവര്‍ഷത്തിന് മുന്നോടിയായി സാധാരണ ലഭിക്കുന്ന മഴ (പ്രീ മണ്‍സൂണ്‍) വ്യാപകമായി ലഭിച്ചതോടെ പല ജില്ലകൡലും അത്യുഷ്ണത്തിന് ആശ്വാസമായിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest