Connect with us

Kerala

കെ എ എസ്: സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണമെന്ന് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ എ എസ്) നിയമനങ്ങളിനും സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കണമെന്ന് സര്‍ക്കാറിന് നിയമോപദേശം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം ബാധകമാക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് നിയമസെക്രട്ടറിയും എ ജിയും നിയമോപദേശം നല്‍കിയിരിക്കുന്നത്. കെ എ എസില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടാല്‍ സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാമെന്നാണ് ഇരുവരും നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥും അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദുമാണ് നിയോപദേശം നല്‍കിയത്. സ്ഥാനക്കയറ്റത്തില്‍ സംവരണമാകാമെന്ന നിയമോപദേശം വന്നതോടെ രണ്ട്, മൂന്ന് സ്ട്രീമുകളിലും സംവരണം ബാധകമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. എന്നാല്‍ പി എസ് സി ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
2012ല്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെയും ഭരണഘടനയിലെ 16(4) എ അനുഛേദവും ചൂണ്ടിക്കാട്ടിയാണ് സ്ഥാനക്കയറ്റത്തിലും സംവരണമാകാമെന്ന നിലപാട് ഇരുവരും സ്വീകരിച്ചത്. ഇതനുസരിച്ച് കെ എ എസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന മൂന്നില്‍ രണ്ട് തസ്തികകളില്‍ സംവരണം നല്‍കുന്നതില്‍ നിയമതടസ്സമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം കെ എ എസിലെ മൂന്നില്‍ രണ്ട് തസ്തികകളും സ്ഥാനക്കയറ്റത്തിന്റെ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കുന്നത് ഇരട്ട സംവരണമായി മാറുമെന്ന് വ്യക്തമാക്കിയാണ് സംവരണം ബാധകമാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സംവരണ വിഭാഗങ്ങള്‍ രംഗത്തുവരികയും നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എ ജിയുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ കെ എ എസ് രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം ബാധകമാക്കാത്തതിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും രംഗത്തുവന്നിരുന്നു. നീതിന്യായം നടപ്പിലാക്കുന്നതിന് സംവരണം അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയായിരുന്നു കമ്മീഷന്റെ നടപടി. ഇതുസംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാറിനോടും പി എസ് സിയോടും റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അര്‍ഹമായ പ്രാതിനിധ്യം ഇല്ലെന്ന സര്‍ക്കാറിന് ബോധ്യപ്പെട്ടാല്‍ എന്നുകൂടി ഭരണഘടനാ അനുഛേദത്തില്‍ പറയുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നാണ് നിയമ സെക്രട്ടറിയുടെയും എ ജിയുടെയും നിലപാട്. നിലവില്‍ നേരിട്ട് നിയമനം നടക്കുന്ന മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രമാണ് കെ എ എസ് ചട്ടപ്രകാരം സംവരണം ഉള്ളത്. രണ്ട്, മൂന്ന് ധാരകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്ന വിധമാണ് കെ എ എസ് ചട്ടം തയ്യാറാക്കിയതെന്നും ഒരു തവണ ഇവര്‍ക്ക് സംവരണം കിട്ടിയതിനാല്‍ വീണ്ടും നല്‍കുന്നത് ഇരട്ട സംവരണ ആനുകൂല്യം നല്‍കലാകുമെന്നുമായിരുന്നു ഉദ്യോഗസ്ഥ ഭരണ പരിഷ്‌കര വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.