ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് ലളിതമാകും

ജി എസ് ടി നെറ്റ്‌വര്‍ക്ക് സര്‍ക്കാറിന് കീഴിലാക്കും
Posted on: May 5, 2018 6:03 am | Last updated: May 4, 2018 at 11:34 pm

ന്യൂഡല്‍ഹി: ജി എസ് ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ലളിതമായ സംവിധാനം കൊണ്ടുവരാനും ജി എസ് ടി നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥത പൂര്‍ണമായി സര്‍ക്കാറിന് കീഴിലാക്കാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മൂന്ന് ഘട്ടങ്ങളുള്ള പുതിയ ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം ആറ് മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. ജി എസ് ടി നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥത കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പങ്കിട്ടെടുക്കുമെന്ന് 27ാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

ജി എസ് ടി നെറ്റ്‌വര്‍ക്ക് കമ്പനിയുടെ അമ്പത് ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും. ശേഷിക്കുന്ന അമ്പത് ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാറുകള്‍ കൈവശം വെക്കും. നിലവില്‍ 24.5 ശതമാനം വീതം ഓഹരികളാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സൂക്ഷിക്കുന്നത്. ശേഷിക്കുന്ന 51 ശതമാനം എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബേങ്ക്, എന്‍ എസ് ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്, എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ കൈയിലാണ്.

ജി എസ് ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് കൂടുതല്‍ ലളിതമായ സംവിധാനമാകും നിലവില്‍ വരിക. ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ ആറ് മാസത്തിനകം നിവലില്‍ വരും. ഇക്കാലയളവില്‍ നിലവിലുള്ള സംവിധാനമായ ജി എസ് ടി ആര്‍- 3ബിയും ജി എസ് ടി ആര്‍-1ഉം തുടരുമെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവ് നല്‍കുക, പഞ്ചസാര സെസ് ഏര്‍പ്പെടുത്തുക, എഥനോളിന്റെ ജി എസ് ടി കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടില്ല. ഇവ സംബന്ധിച്ച് കൂടുതല്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി രണ്ട് വ്യത്യസ്ത മന്ത്രിതല സമിതികള്‍ രൂപവത്കരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.