Connect with us

International

കെനിയയില്‍ കനത്ത വെള്ളപ്പൊക്കം; മരണം 100 കവിഞ്ഞു

Published

|

Last Updated

നെയ്‌റോബി: കെനിയയില്‍ വെള്ളപ്പൊക്കം മൂലം 11 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 100 കവിഞ്ഞു. 11 പേരെ കാണാതായെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കെനിയയില്‍ കനത്ത മഴ തുടരുകയാണ്.

വെള്ളപ്പൊക്കത്തില്‍പ്പെട്ട മൃതദേഹങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് കജോനി കൗണ്ടി പോലീസ് മേധാവി കിപ്‌കെംബോയി റോപ് പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്ന് നെയ്‌റോബിയിലെ കാന്‍ഡിസി നദി കരകവിഞ്ഞ് ഒഴുകുകയാണ്.

കഴിഞ്ഞ മാര്‍ച്ചിനു ശേഷം ഇതുവരെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ പേര്‍ മരിച്ചു. 2,44,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു.

ഇതുവരെ 100 പേര്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് മരിച്ചതായി ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് അറിയിച്ചു. 29 കൗണ്ടികളെ വെള്ളപ്പൊക്കം ബാധിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലേറിയ, കോളറ പോലുള്ള രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംഘം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്..

Latest