Connect with us

Editorial

കാവേരി അവര്‍ക്ക് രാഷ്ട്രീയായുധം

Published

|

Last Updated

കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ജനകീയ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് കാവേരി പ്രശ്‌നത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവധാനത. നദീജല തര്‍ക്കപരിഹാരത്തിന് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന് കേന്ദ്രത്തോടും തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കാന്‍ കര്‍ണാടകയോടും ഫെബ്രുവരി 16ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെയും നടപ്പായില്ല. മെയ് മൂന്നിനുള്ളില്‍ ബോര്‍ഡ് രൂപവത്കരണം നടത്തണമെന്നായിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ചു വ്യാഴാഴ്ച അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി ചോദിച്ചപ്പോള്‍ ബോര്‍ഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട കരട് ക്യാബിനറ്റിന്റെ പരിഗണനയിലാണെന്നും കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തിരക്കുകളിലായതിനാലാണ് തീരുമാനം വൈകുന്നതെന്നുമായിരുന്നു മറുപടി. ഉത്തരവ് നടപ്പാക്കുന്നതിന് അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു.
കോടതി രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്ന് പറഞ്ഞ കോടതി ചൊവ്വാഴ്ചക്കകം ബോര്‍ഡ് രൂപവത്കരിക്കണമെന്നും കാവേരി നദിയില്‍ നിന്ന് നാല് ടി എം സി ജലം തമിഴ്‌നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്നും വീണ്ടും ഉത്തരവിടുകയുണ്ടായി. ഈ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. കാവേരി പ്രശ്‌നത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഫെഡറലിസത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണെന്നുമുള്ള തമിഴ്‌നാട് അഭിഭാഷകന്‍ ശേഖര്‍ നഫാഡെയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധിപ്രസ്താവം. ബോര്‍ഡ് രൂപവത്കരണത്തോട് കര്‍ണാടകക്ക് വിയോജിപ്പാണുള്ളത്. മെയ് 12ന് അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ അത് നടപ്പാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് കേന്ദ്രം ഇത് വൈകിപ്പിക്കുന്നത്.

അതേസമയം ബോര്‍ഡ് രൂപവത്കരണത്തിന് വേണ്ടി തമിഴ്‌നാട് മുറവിളികൂട്ടുകയാണ്. തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ് കാവേരി. തമിഴകത്തെ ഹ്രസ്വകാലവിളയായ കുറുവ കൃഷിയും ദീര്‍ഘകാല വിളയായ സംബയുമെല്ലാം കാവേരി ജലം ലഭിച്ചില്ലെങ്കില്‍ കരിഞ്ഞുണങ്ങും. കുടിക്കാന്‍ പോലും വെള്ളമില്ലാതെ വിഷമിക്കുന്ന കര്‍ണാടകക്ക് കാവേരി നദീജലം അവരുടെ ജീവല്‍പ്രശ്‌നമാണ്. ഇതിലപ്പുറം രണ്ട് സംസ്ഥാനങ്ങളിലെയും പാര്‍ട്ടികളുടെ തലവിധി നിര്‍ണയിക്കുന്ന രാഷ്ട്രീയ പ്രശ്‌നമായി വളര്‍ന്നിട്ടുമുണ്ട് കാവേരി.
രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ നദീജല തര്‍ക്കത്തിന.് 1892ല്‍ മൈസൂര്‍ രാജാവും മദ്രാസ് സര്‍ക്കാറും തമ്മിലും 1924ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ നേതൃത്വത്തിലും ഇതുസംബന്ധിച്ചു ഒത്തുതീര്‍പ്പുകളുണ്ടാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരം കേന്ദ്ര സര്‍ക്കാറിന്റെയും സുപ്രീംകോടതിയുടെയും മധ്യസ്ഥതയില്‍ ഒട്ടേറെ പരിഹാരശ്രമങ്ങളുണ്ടാവുകയും കമ്മീഷനുകളെ നിയമിക്കുകയും ചെയ്തു. കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഇടക്കാലത്ത് കേരളവും പോണ്ടിച്ചേരിയും ഇതില്‍ കക്ഷികളായി. പിടിവാശി ഉപേക്ഷിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങളെ ഇളക്കി വിട്ടു മുതലെടുക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കുരുട്ടുബുദ്ധിയാണ് പരിഹാരം അനന്തമായി നീളാന്‍ കാരണം. കാലം കഴിയും തോറും കൂടുതല്‍ തീവ്രമാകുന്ന പൊതുജന വികാരത്തെ മറികടന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പോലും സ്വീകാര്യമായ പ്രശ്‌ന പരിഹാരത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ല. കോടതി ഉത്തരവുകള്‍ക്ക് അവരെ സംബന്ധിച്ചിടത്തോളം പുല്ലുവിലയാണ്. ഒരു കാവേരി മാത്രമല്ല, രാജ്യത്ത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട് രാഷ്ട്രീയ അധീശത്വത്തിന് വേണ്ടിയുള്ള പാര്‍ട്ടി നേതൃത്വങ്ങളുടെ വടംവലി മൂലം അനന്തമായി നീണ്ടു പോകുന്ന പ്രശ്‌നങ്ങള്‍. ജനതാത്പര്യങ്ങളല്ല, പാര്‍ട്ടി താത്പര്യങ്ങളാണ് എല്ലാവര്‍ക്കും.

കാവേരിയുടെ വൃഷ്ടി പ്രദേശം കണക്കലെടുക്കുമ്പോള്‍ നദീജലത്തിന്റെ 20 ശതമാനം കേരളത്തിന്റെ സംഭാവനയാണെന്ന് കാണാം. കാവേരിയുടെ 2866 ചതുരശ്ര കിലോമീറ്റര്‍ വരും കേരളത്തിന്റെ വൃഷ്ടി പ്രദേശം. നദിയുടെ കേരളത്തിലെ പോഷകനദികളായ കബനിയില്‍ നിന്ന് 97 ടി എം സിയും ഭവാനിയില്‍ നിന്ന് 35 ടി എം സിയും പമ്പാറില്‍ നിന്ന് 15 ടി എം സിയും വെള്ളം കാവേരിയിലെത്തുന്നു. മൊത്തം 147 ടി എം സി. ഇതനുസരിച്ച് 99.8 ടി എം സി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ടെങ്കിലും കോടതികള്‍ അനുവദിച്ചത് 30 ടി എം സിയാണ്. വിവിധ പദ്ധതികള്‍ക്കായി 92.9 ടി എം സി വെള്ളം കേരളം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. സംസ്ഥാനം സമര്‍പ്പിച്ച വൈദ്യുത പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. കേരളം ജല സമൃദ്ധമാണെന്ന കാഴ്ചപ്പാടിലായിരിക്കണം നീതിപീഠങ്ങള്‍ ഈ നിലപാട് കാണിച്ചത്. 44 നദികളാലും നിരവധി തടാകങ്ങളാലും നീര്‍ത്തടങ്ങളാലും അനുഗൃഹീതമായിരുന്ന കേരളത്തിന്റെ ജല സമൃദ്ധി പഴങ്കഥയാണ്. മണല്‍പ്പരപ്പുകള്‍ മാത്രമായി മാറിയ നദികളും വറ്റിവരണ്ട ജല സ്രോതസ്സുകളും, വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങളുമാണ് കേരളത്തിലുടനീളം സഞ്ചരിച്ചാല്‍ ഇന്ന് കാണാനാവുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഭരണകൂടത്തെയും നീതിപീഠങ്ങളെയും ബോധ്യപ്പെടുത്തി നദികളില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതവും നദീജല പദ്ധതികളും നേടിയെടുക്കേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങള്‍ ഏത് മാര്‍ഗേണയും തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍, കേവലം കാഴ്ചക്കാരായി മാറി നില്‍ക്കുന്ന ഉദാസീനമായ നിലപാട് സംസ്ഥാന ഭരണാധികാരികള്‍ തിരുത്തേണ്ടതുണ്ട്.