കര്‍ണാടകയില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Posted on: May 4, 2018 5:19 pm | Last updated: May 4, 2018 at 6:58 pm

ബിദാര്‍: കര്‍ണാടകയിലെ ബിദാറില്‍ കോണ്‍ഗ്രസ്തിരഞ്ഞെടുപ്പ് റാലിയില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകവ്യാപകമായി പെട്രോളിന്റേയും ഡീസലിന്റേയും വില കുറയുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയില്‍മാത്രം ഇവക്ക് വില വര്‍ധിക്കുന്നുവെന്ന് രാഹുല്‍ ചോദിച്ചു.

പൊതുജനത്തിന്റെ പണം മോദി തന്റെ അടുത്ത സഹായികള്‍ക്കും വ്യവസായികള്‍ക്കുമായി നല്‍കുകയാണ്. മോദിയുടെ സംരക്ഷണത്തോടെ റെഡ്ഢി സഹോദരന്‍മാര്‍ പൊതുജനത്തിന്റെ 35000 കോടിരൂപയാണ് കൊള്ളയടിച്ചത്. പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചവരെ നിയമസഭയിലെത്തിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. പൊതുജനത്തിന്റെ പണം കൊള്ളയടിക്കുന്നവരെ കോണ്‍ഗ്രസ് ജയിലിലേക്കയക്കുമ്പോള്‍ ഇത്തരക്കാരെ മോചിപ്പിച്ച് വിധാന്‍ സഭയിലെത്തിക്കാനാണ് മോദി ശ്രമിക്കുന്നത്. കള്ളന്‍മാര്‍ക്ക് കോണ്‍ഗ്രസ് നിയമസഭയിലേക്ക് വഴിയൊരുക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.