ലൈംഗികാരോപണം: ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമില്ല

Posted on: May 4, 2018 3:16 pm | Last updated: May 4, 2018 at 5:56 pm

സ്റ്റോക്കോം: ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്‌നങ്ങള്‍ നൊബേല്‍ പുരസ്‌കാരത്തെ തെറ്റായി ബാധിച്ചുവെന്നും സാഹചര്യത്തിന്റെ ഗൗരവവും പുരസ്‌കാരത്തിന്റെ ദീര്‍ഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടിയെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നുണ്ട്. മതിയായ യോഗ്യയയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയും യുദ്ധസമയത്തും മറ്റും അവാര്‍ഡ് നല്‍കുന്നില്ലെന്ന് അക്കാദമി തീരുമാനിച്ചിരുന്നു.

നൊബേല്‍ സമ്മാന നിര്‍ണയ സമതി അംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്‌റ്റെണ്‍സണിന്റെ ഭാര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ട് 18 സ്ത്രീകളെ സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടി. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഴാങിനെതിരെ നവംബറിലാണ് സ്ത്രീകള്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഴാങ് തള്ളിയിരുന്നു.