Connect with us

Kerala

മലപ്പുറം പ്രസ്‌ക്ലബ് ആക്രമണം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിന് മര്‍ദനമേറ്റിരുന്നു. ആര്‍ എസ് എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതാണ് അഴിഞ്ഞാട്ടത്തിന് കാരണം.

മലപ്പുറം മുണ്ടുപറമ്പിലെ ആര്‍ എസ് എസ് ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ച് നഗരത്തില്‍ പ്രകടനം നടത്തുന്നതിനിടെ പ്രസ്‌ക്ലബിന് മുന്നില്‍ പ്രകടനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ തടയുകയും മര്‍ദിക്കുകയുമായിരുന്നു. ആനക്കയം പെരിമ്പലം സ്വദേശി തറയില്‍ അബ്ദുല്ല ഫവാസി(28)ന്റെ ബൈക്കിന്റെ താക്കോല്‍ ആര്‍ എസ് എസ് സംഘം ഊരിയെടുക്കുകയും തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ ഇയാള്‍ക്ക് പരുക്കേറ്റു. സംഭവം പ്രസ്‌ക്ലബിന് മുന്നില്‍ നിന്ന് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ട് എട്ടോളം വരുന്ന അക്രമിസംഘം പ്രസ്‌ക്ലബിലേക്ക് സംഘടിച്ച് എത്തുകയായിരുന്നു. ഫുആദിനെ കഴുത്തിന് പിടിച്ച് തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ചന്ദ്രിക റിപ്പോര്‍ട്ടര്‍ ശഹബാസിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. അക്രമികളില്‍ ചിലര്‍ മുഖം തൂവാല കൊണ്ട് മറച്ചിരുന്നു.

പ്രസ്‌ക്ലബിന് പുറത്ത് മറ്റൊരു വാര്‍ത്താസമ്മേളനം നടന്നിരുന്നതിനാല്‍ ഇവിടെ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നില്ല. വടികളുമായി കയറിയ സംഘം പ്രസ്‌ക്ലബിലെ കസേരകള്‍ വലിച്ചിടുകയും വാര്‍ത്താപെട്ടികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയും പ്രസ്‌ക്ലബ് വാതില്‍ അടക്കുകയും ചെയ്തതോടെ അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.
ഫുആദിന് കഴുത്തിനും നെഞ്ചിനും കാലിലും പരുക്കേറ്റിട്ടുണ്ട്. കുറുവടി കൊണ്ടുള്ള അടിയേറ്റാണ് കാലില്‍ പരുക്കേറ്റത്. ബൈക്ക് യാത്രക്കാരനായ ഫവാസിന് വയറിനും പുറത്തും കഴുത്തിനുമാണ് പരുക്ക്.
സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് സൂപ്രണ്ട് ദേബേശ് കുമാര്‍ ബഹ്‌റക്ക് പരാതി നല്‍കിയിരുന്നു.