മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍

Posted on: May 4, 2018 6:23 am | Last updated: May 3, 2018 at 11:30 pm

ബെംഗളൂരു: സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമുള്ള ജാമ്യവ്യവസ്ഥയില്‍ ബെംഗളൂരുവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് അകമ്പടി സേവിക്കുന്ന അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ജീപ്പിന് 60 രൂപയാണ് കിലോമീറ്ററിന് ചാര്‍ജ് കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യാത്രാചെലവിലേക്ക് 1,15,950 രൂപ ഇന്നലെ വൈകീട്ട് കെട്ടിവെച്ചെങ്കിലും ബെംഗളൂരുവില്‍ നിന്ന് എപ്പോള്‍ യാത്രതിരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ അകമ്പടിയായി പോലീസുകാരെ അനുവദിച്ച് ഇതുവരെയും തീരുമാനമാകാത്തതാണ് കാരണം.

കര്‍ശന ഉപാധികളോടെയാണ് മഅ്ദനിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ 11 വരെയാണ് മഅ്ദനിക്ക് കേരളത്തില്‍ തങ്ങാനുള്ള അനുമതി. ബെംഗളൂരു സ്‌ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ ഐ എ കോടതിയാണ് അര്‍ബുദരോഗ ബാധിതയായ ഉമ്മ അസ്മാബീവിയെ കാണാന്‍ അനുമതി നല്‍കിയത്.