വിദേശ വനിതയുടെ കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍

Posted on: May 3, 2018 1:54 pm | Last updated: May 3, 2018 at 10:46 pm

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലായിരുന്ന രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശി ബി ഉമേഷ്, സുഹൃത്ത് ഉദയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവരുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കോട്ട് ഉദയന്റേതാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഒത്തുകൂടുന്ന നാല് പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് അറസ്റ്റിലായ രണ്ട് പ്രതികളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.

പ്രതികളെ കണ്ടെത്തിയ അന്വേഷണ സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു. ഇനിയും വിവരങ്ങള്‍ കണ്ടെത്താനുണ്ടെന്നും ഡിജിപി അറിയിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.