Connect with us

International

കേംബ്രിഡ്ജ് അനലറ്റിക്ക അടച്ചൂപൂട്ടുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് വഴി എട്ട് കോടിയിലധികം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ വിവാദ കമ്പനി കേംബ്രിഡ്ജ് അനലറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. മാതൃസ്ഥാപനമായ എസ്‌സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബുധനാഴ്ചയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ തീരുമാനമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ കമ്പനികളേയും ഉപഭോക്താക്കളേയും ബാധിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക എളുപ്പമല്ല. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന് വേണ്ടി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ കമ്പനി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കേംബ്രിഡ്ജ് ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യു.എസിലെ 7.06 കോടി പേരുടേയും ഇന്ത്യയില്‍ 5.64 ലക്ഷം പേരുടേയും സ്വകാര്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് കമ്പനി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കുറ്റ സമ്മതം നടത്തിയിരുന്നു. യു.എസ് പാര്‍ലിമെന്റിന് മുമ്പാകെ മാപ്പ് പറയുകയും ചെയ്തു.

Latest