Connect with us

National

ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്മൃതി ഇറാനി വിതരണം ചെയ്യേണ്ടെന്ന് ജേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണ ചടങ്ങ് ഇന്ന് നടക്കും. വൈകീട്ട് 5.30നാണ് ചടങ്ങ്. പുരസ്‌കാര വിതരണ ചടങ്ങിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. പതിനൊന്ന് പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മറ്റ് കലാകാരന്മാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തെ അറിയിച്ചു.

പുരസ്‌കാരങ്ങള്‍ എല്ലാം രാഷ്ട്രപതി തന്നെ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീരുമാനം പെട്ടെന്നു മാറ്റുകയായിരുന്നു. പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പതിനൊന്നെണ്ണം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോയെടുക്കുമെന്നും പറയുന്നു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലിനിടെ നല്‍കി. എന്നാല്‍, എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് പുരസ്‌കാര ജേതാക്കളും ആവശ്യമുന്നയിച്ചു. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യുമെന്നാണ് തങ്ങളെ അറിയിച്ചതെന്നും തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണണെന്നും അവര്‍ ആവശ്യപ്പെട്ടു.

പുരസ്‌കാര ജേതാക്കളുടെ എതിര്‍പ്പ് കടുത്തപ്പോള്‍ ചടങ്ങിന്റെ റിഹേഴ്‌സല്‍ നടന്ന വിജ്ഞാന്‍ ഭവനിലേക്ക് മന്ത്രി സ്മൃതി ഇറാനി എത്തി. പ്രശ്‌നം തൃപ്തികരമായി പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇല്ലെങ്കില്‍ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍.

Latest