പട്ടാപ്പകല്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊന്നു; പ്രതി മുംബൈയില്‍ പിടിയില്‍

സംഭവം നിരവധി പേര്‍ നോക്കിനില്‍ക്കെ
Posted on: May 3, 2018 6:04 am | Last updated: May 3, 2018 at 12:09 am

പുതുക്കാട്: ചെങ്ങാലൂരില്‍ ഭര്‍ത്താവ് പട്ടാപ്പകല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദളിത് യുവതി മരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിന്റെ ഭാര്യ ജീതു (29) ആണ് ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഒളിവിലായിരുന്ന ഭര്‍ത്താവിനെ മുംബൈയില്‍ നിന്നും പുതുക്കാട് എസ് ഐ. ആര്‍ സുജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി.

കൃത്യം നടത്തിയയുടന്‍ രക്ഷപ്പെട്ട് പാലക്കാട്ട് എത്തിയ ബിരാജു ട്രെയിനില്‍ മുംബൈയിലേക്ക് കടക്കുകയായിരുന്നു.
മുമ്പ് മുംബൈയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് പ്രതി അവിടേക്ക് കടന്നത്. ബിരാജു എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ നേരത്തെ കേസെടുത്തിരുന്നു.

ഞായറാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെയാണ് സംഭവം. കുടുംബശ്രീ സംഘത്തില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാനായി പിതാവിനൊപ്പം എത്തിയതായിരുന്നു ജീതു. കുടുംബശ്രീ യോഗം നടന്ന വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റോഡിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന ബിരാജു നിരവധി പേര്‍ നോക്കിനില്‍ക്കെ ജീതുവിന്റെ തലയില്‍ പെട്രോളൊഴിച്ചു. ഇതേ തുടര്‍ന്ന് പിതാവിന് സമീപത്തേക്ക് ഓടിയ ജീതുവിനെ പിന്നാലെയെത്തിയ ബിരാജു ലൈറ്റര്‍ ഉപയോഗിച്ച് തീക്കൊളുത്തി.

കൃത്യത്തിനു ശേഷം പ്രതി ഒരാളുടെ ബൈക്കില്‍ കയറി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ദേഹമാസകലം പൊള്ളലേറ്റ ജീതുവിനെ പിതാവും ഇവര്‍ വന്ന് ഓട്ടോയുടെ ഡ്രൈവറും ചേര്‍ന്നാണ് ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ജീതുവിനെ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.

വഴക്കിനെ തുടര്‍ന്ന് ജീതു കോടാലിയിലെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ആറ് വര്‍ഷം മുമ്പായിരുന്നു വെള്ളിക്കുളങ്ങര സ്വദേശി ബിരാജുവുമായുള്ള ജീതുവിന്റെ വിവാഹം നടന്നത്. പരസ്പരം അകന്നതിനാല്‍ സംയുക്തമായി വിവാഹ മോചനത്തിനു കേസ് കൊടുത്തിരിക്കെയാണ് ബിരാജു കടുംകൈ ചെയ്തത്. പുതുക്കാട് സി ഐ. എസ് പി സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.