ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടം

Posted on: May 3, 2018 6:01 am | Last updated: May 2, 2018 at 11:33 pm

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ടീം ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടം. കഴിഞ്ഞ ദിവസം ടെസ്റ്റില്‍ മികച്ച ലീഡുമായി ഒന്നാംസ്ഥാനം നിലനിര്‍ത്തിയെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ സിംഹാസനം നഷ്ടമായി.

ഇംഗ്ലണ്ടാണ് പുതിയ ഒന്നാം റാങ്കുകാര്‍. പുതിയ റാങ്കിങില്‍ എട്ടു പോയിന്റ് കൂടുതലായി ലഭിച്ചതോടെയാണ് ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്തേക്കു കയറിയത്.

2013 ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് റാങ്കിംഗില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്. 125 പോയിന്റ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുണ്ട്. മൂന്നു പോയിന്റ് പിറകിലായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ഒരു പോയിന്റാണ് പുതിയ റാങ്കിംഗില്‍ ഇന്ത്യക്കു കൈമോശം വന്നത്.
നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക (113) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് (112), ആസ്‌ത്രേലിയ (104) എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളിലുള്ളത്.

പാകിസ്താനാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. 102 പോയിന്റാണ് പാകിസ്താന്റെ സമ്പാദ്യം. ബംഗ്ലാദേശ് (93), ശ്രീലങ്ക (77), വെസ്റ്റ് ഇന്‍ഡീസ് (69), അഫ്ഗാനിസ്താന്‍ (63) എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍. 2014-15 സീസണിലെ പ്രകടനം ഒഴിവാക്കിയാണ് പുതിയ റാങ്കിങില്‍ ടീമുകളുടെ സ്ഥാനം നിശ്ചയിച്ചത്.