Connect with us

International

വായു മലിനീകരണം: പ്രതിവര്‍ഷം 70 ലക്ഷം മരണം

Published

|

Last Updated

ന്യൂയോര്‍ക്ക്: വായുമലിനീകരണം മൂലം പ്രതിവര്‍ഷം ലോകത്ത് 70 ലക്ഷം പേര്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ എച്ച് ഒ). ശുദ്ധവായുവിന്റെ വിഷയത്തില്‍ സമ്പന്ന രാജ്യങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കുമിടയിലെ വിടവ് വലുതായിക്കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച് ഒ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വായുമലിനീകരണം എല്ലാവരെയും ദോഷകരമായി ബാധിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ദരിദ്ര രാജ്യങ്ങളില്‍ വായുമലിനീകരണം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് 300 കോടിയിലധികം ജനങ്ങള്‍ ഇപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്നത് അപകടകരമായ വായുവാണ്. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം പ്രസ്താവനയില്‍ അറിയിച്ചു.

ലോകത്തെ 90 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണ്. ഇത് പ്രതിവര്‍ഷം 70 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു. ഓരോ വര്‍ഷവും മലിനവായു ശ്വസിക്കുന്നത് മൂലം മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും പഠനം തെളിയിക്കുന്നു.

അതേസമയം, സമ്പന്ന രാജ്യങ്ങളില്‍ ശുദ്ധവായുവിന്റെ അളവ് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. സമ്പന്ന രാജ്യങ്ങള്‍ വായുമലിനീകരണം വളരെ പ്രധാനപ്പെട്ട വിഷയമായി ഏറ്റെടുക്കുന്നത് മൂലമാണ് ഇത് സംഭവിച്ചതെന്നും നിരവധി നിയമങ്ങള്‍ ഇതിനായി നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest