പോക്‌സോ കേസുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

Posted on: May 3, 2018 6:00 am | Last updated: May 2, 2018 at 10:56 pm

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കയാണ്. പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വിചാരണയുടെ മേല്‍നോട്ടത്തിനായി ഹൈക്കോടതികള്‍ ജഡ്ജിമാരുടെ സമിതി രൂപവത്കരിക്കുക, രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ പ്രത്യേക കോടതികളിലാണ് വിചാരണ ചെയ്യുന്നതെന്ന് ഹൈക്കോടതി ഉറപ്പ് വരുത്തുക, അനാവശ്യമായി കേസ് മാറ്റിവെക്കുന്നത് ഒഴിവാക്കുക, അന്വേഷണത്തെ സഹായിക്കാനായി സംസ്ഥാനങ്ങളില്‍ ഡി ജി പി പ്രത്യേക കര്‍മസേനക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. കുട്ടികള്‍ക്കെതിരായ പീഡന കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചിന്റെ പുതിയ ഉത്തരവ്.

രാജ്യത്ത് ബാലപീഡനം വര്‍ധിച്ചു വരികയും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലവിളംബം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അലഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യമൊട്ടാകെ 1,12,628 പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ തിരിച്ചുകണക്കെടുക്കുമ്പോള്‍ 30,883 കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. മഹാരാഷ്ട്രയിലും ഗോവയിലും കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി എന്നിവിടങ്ങളിലുമായി 16,099 കേസുകളുണ്ട്. മധ്യപ്രദേശ് 10,117, ബംഗാള്‍ 9894, ഒഡീഷ 6849, ഡല്‍ഹി 6100, ലക്ഷദ്വീപിലും കേരളത്തിലുമായി 5409, ഗുജറാത്ത് 5177, ബിഹാര്‍ 4910, കര്‍ണാടക 4045 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകളുടെ എണ്ണം.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസവും ശിക്ഷ ലഭ്യമാക്കുന്നതില്‍ നീതിനിര്‍വഹണ മേഖലയുടെ പരാജയവുമാണ് കേസുകളുടെ ക്രമാതീതമായ വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മിക്ക കേസുകളിലും പ്രതികള്‍ കോടതികളില്‍ നിന്ന് രക്ഷപ്പെടുകയാണ്. കേരളത്തില്‍ സാധാരണ കേസുകളില്‍ 75 ശതമാനം പ്രതികളും ശിക്ഷിക്കപ്പെടുമ്പോള്‍, പോക്‌സോയിലെ പ്രതികളില്‍ 20 ശതമാനത്തിന് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. നിയമസംവിധാനങ്ങളുടെ അപര്യാപ്തതയും പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് പരിശീലനം ലഭിക്കാത്തതുമാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കുട്ടികളെ കുട്ടികളായി കാണാനുള്ള മാനസിക പക്വതയും വികാസവും ഇല്ലാത്തവരുമുണ്ട് പോലീസ് സേനയില്‍. സമരങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ വലിയവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ കാണുന്നവരെയെല്ലാം തല്ലിച്ചതക്കുന്ന സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഒരുവശത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലൂള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കുട്ടികളെ പോലീസ് സംവിധാനത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ, മറുവശത്ത് നിയമപാലകര്‍ തന്നെ അവരുടെ അവകാശങ്ങളെ ലംഘിക്കുന്ന വിരോധാഭാസം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ വിംഗ് തന്നെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മലിനമായ സാമൂഹികാന്തരീക്ഷത്തിനുമുണ്ട് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വര്‍ധനവില്‍ വലിയൊരു പങ്ക്. കുട്ടികളെ ലൈംഗിക വസ്തുവാക്കിയുള്ള സെക്‌സ്‌വീഡിയോകളും മദ്യപാനവും ബാലപീഡനത്തിനു കാരണമാകുന്നതായാണ് ദുബൈയിലെ പ്രമുഖ ഇന്ത്യന്‍ മനഃശാസ്ത്രജ്ഞ പറയുന്നത്. ഇന്റര്‍നെറ്റ് സംവിധാനം വ്യാപകമായതോടെ ഇത്തരം വീഡിയോകള്‍ എല്ലാ മൊബൈലുകളിലും ലഭ്യമാണ്. നിയമസഭക്കകത്ത് ജനപ്രതിനിധികള്‍ വരെ ഇത്തരം വീഡിയോകള്‍ കണ്ടാസ്വദിക്കുന്ന വാര്‍ത്ത ചിത്ര സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. നഗ്നത മറക്കാത്ത വസ്ത്രധാരണ രീതി, അധമവികാരങ്ങള്‍ ഉണര്‍ത്തുന്ന സിനിമാ- സീരിയലുകള്‍ തുടങ്ങിയവയെല്ലാം പുരുഷന്റെ അധമവികാരങ്ങള്‍ ഉണര്‍ത്തുകയും അത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മിക്ക ടെലിവിഷന്‍ സീരിയലുകളുടെയും പരമ്പരകളുടെയും വിഷയം അവിഹിത ബന്ധവും വഴിവിട്ട ജീവിതവുമാണ്. ഇത്തരത്തില്‍ മനുഷ്യന്റെ ലൈംഗിക വികാരം ഉത്തേജിപ്പിക്കുന്ന സംവിധാനങ്ങള്‍ നിയമവിധേയമാക്കപ്പെടുകയും വിവേകം നശിപ്പിക്കുന്ന മദ്യപാനത്തിന് സര്‍ക്കാര്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയമാവുക സ്വാഭാവികം. ഒരളവോളം രക്ഷിതാക്കളും ഇതിനുത്തരവാദികളാണ്. സാമ്പത്തിക നേട്ടവും പ്രശസ്തിയും നേടാന്‍ സ്വന്തം മക്കള്‍ പീഡിപ്പിക്കപ്പെട്ടാലും കുഴപ്പമില്ലെന്ന് കരുതുന്ന, അഭിനയം മോഡലിംഗ് തുടങ്ങിയ രംഗങ്ങളില്‍ അവസരം ലഭിക്കാന്‍ ബന്ധപ്പെട്ടവരുടെ കിടപ്പറയിലേക്ക് മക്കളെ തള്ളിവിടുന്നവരും നമുക്കിടയിലില്ലേ? കിളിരൂരും ലതാനായരുമൊന്നും മറക്കാറായിട്ടില്ല. മാന്യമായ വസ്ത്രം കുട്ടികളെധരിപ്പിക്കണമെന്നു പറഞ്ഞാല്‍ അതൊരുപക്ഷേ പ്രാകൃതമായി അധിക്ഷേപിക്കപ്പെട്ടേക്കാം. ഇങ്ങനെ അക്ഷേപിക്കപ്പെട്ടാലും അത്തരം വസ്ത്രധാരണങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും കൂടുതല്‍ സുരക്ഷിതരാക്കുമെന്നുള്ള കാര്യം വിമര്‍ശകര്‍ മറക്കരുത്.