സ്വകാര്യ ബസുകാരുടെ ക്രൂരത; വടകരയില്‍ ബസില്‍ നിന്ന് വീണ് ഗര്‍ഭിണിക്ക് പരുക്ക്

Posted on: May 2, 2018 10:04 am | Last updated: May 2, 2018 at 12:33 pm

കോഴിക്കോട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ഗര്‍ഭിണിക്ക് പരുക്കേറ്റു. വടകര ഇരിങ്ങലില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ ഇരിങ്ങള്‍ സ്വദേശി ദിവ്യക്കാണ് പരുക്കേറ്റത്. സ്‌റ്റോപ്പില്‍ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. വാതിലില്‍തട്ടി ദിവ്യ വീഴുന്നത് കണ്ടും ബസ് നിര്‍ത്താതെ പോയി. കാലിന് പരുക്കുണ്ട്.

കോഴിക്കോട് ആശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു ദിവ്യയും ഭര്‍ത്താവും. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിടിഎസ്എഫ് 4 എന്ന സ്വകാര്യ ബസിനെതിരെയാണ് പരാതി.

ദിവ്യയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.