റയലിന്റെയൊരു ഭാഗ്യം !

ബയേണിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍
Posted on: May 2, 2018 9:27 am | Last updated: May 2, 2018 at 11:37 pm
ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ കരീം ബെന്‍സിമ ഗോള്‍ നേടിയപ്പോള്‍ റയല്‍ ടീമിന്റെ ആഹ്ലാദം

റയലിനെതിരെ ജയിക്കാനുള്ള കളിയെല്ലാം ബയേണ്‍ മ്യൂണിക്ക് കളിച്ചു. 22 ഷോട്ടുകള്‍. അതില്‍ പത്തെണ്ണം ടാര്‍ഗറ്റിലേക്ക്. ഏഴ് തവണയാണ് പ്രതിരോധ നിരക്കാര്‍ ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരുടെ ഷോട്ടുകള്‍ ബ്ലോക്ക് ചെയ്തത്. അറുപത് ശതമാനത്തിലേറെ ബോള്‍ പൊസിഷന്‍ ബയേണിന് അവകാശപ്പെട്ടതായിരുന്നു. റയലിനേക്കാള്‍ 150 പാസുകള്‍ അധികം നടത്തി. എന്നിട്ടും ബയേണിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ കടമ്പ താണ്ടാന്‍ സാധിച്ചില്ല. റയല്‍ മാഡ്രിഡ് തുടരെ മൂന്നാം വര്‍ഷവും ഫൈനലില്‍. കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യന്‍മാരായ റയലിനിത് ഹാട്രിക് കിരീടം നേടാനുള്ള സുവര്‍ണാവസരം.

യൂറോപ്പിലെ ചാമ്പ്യന്‍ഷിപ്പുകളില്‍ റയലിന് പതിനാറാം ഫൈനലാണിത്.
ബയേണിന്റെ തട്ടകത്തില്‍ 2-1ന് ജയിച്ച റയല്‍ മാഡ്രിഡ് ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ 2-2ന് സമനില പിടിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. ഇരുപാദ സ്‌കോര്‍ 4-3.

കിമിചിന്റെ ഗോളില്‍ പിറകിലായ റയല്‍ മാഡ്രിഡ് കരീം ബെന്‍സെമയുടെ ഇരട്ട ഗോളുകളില്‍ മുന്നില്‍ കയറി. മുന്‍ റയല്‍ മാഡ്രിഡ് താരം ഹാമിഷ് റോഡ്രിഗസാണ് ബയേണിന് സമനിലയൊരുക്കിയത്. റയലിന്റെ ഗോള്‍ മുഖം നിരന്തരം ആക്രമിച്ച ബയേണ്‍ ഏത് നിമിഷവും സിദാന്റെ ശിഷ്യന്‍മാരെ നിലംപരിശാക്കുമെന്ന് തോന്നിപ്പിച്ചു.

പക്ഷേ, ഗോളി നവാസിന്റെ തകര്‍പ്പന്‍ പ്രകടനം റയലിന് തുണയായി. ബയേണാകട്ടെ ഗോളി ഉല്‍റിചിന്റെ നിലവാരമില്ലാത്ത ഗോള്‍കീപ്പിംഗിന് വില നല്‍കേണ്ടി വന്നു. മൈനസ് പാസ് സ്വീകരിക്കാന്‍ അഡ്വാന്‍സ് ചെയ്ത ഉല്‍റിച് വഴുതി വീണതോടെ പന്ത് അനായാസം ബെന്‍സിമ വലയിലെത്തിച്ചു.

ചെല്‍സിയുടെ മുന്‍ മിഡ്ഫീല്‍ഡറും ചാമ്പ്യന്‍സ് ലീഗ് നേടിയ ക്യാപ്റ്റനുമായ ഫ്രാങ്ക് ലംപാര്‍ഡ് റയലിന്റെ ജയം നിറം കെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. ബയേണ്‍ ആയിരുന്നു മികച്ച ടീം. പക്ഷേ, ഭാഗ്യം റയലിനൊപ്പമായിരുന്നുവെന്ന് ലംപാര്‍ഡ് വിലയിരുത്തി. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് റയല്‍മാഡ്രിഡിന്റെ ഡി എന്‍ എയിലുണ്ടെന്ന് സിദാന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. അവസാന മിനുട്ടിലും പൊരുതുന്നവരാണ് റയല്‍, ബയേണിന്റെ കളിക്കാരെ പോലെ – സിദാന്‍ പറഞ്ഞു.

അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ റയലായിരുന്നു വിരുത് കാട്ടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പാസുകള്‍ ലഭിക്കാതെ വന്നപ്പോള്‍ കരീം ബെന്‍സിമയാണ് ചാട്ടൂളിയായത്. ആകെ 34 തവണ മാത്രമാണ് ക്രിസ്റ്റിയാനോ പന്തില്‍ ടച് ചെയ്തത്. സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ കളിക്കാനിറങ്ങിയവരില്‍ ഏറ്റവും കുറവ് ക്രിസ്റ്റ്യാനോയുടെതായിരുന്നു.

കഴിഞ്ഞ സീസണുകളിലെ റയല്‍ മാഡ്രിഡ് നിരയുമായി തട്ടിച്ച് നോക്കുമ്പോള്‍ മോശം നിരയാണ് ഇത്തവണ ഫൈനലിലെത്തിയതെന്ന് വിലയിരുത്തലാണ് വരുന്നത്. സെമിയില്‍ കോച്ച് സിദാന്റെ തന്ത്രവും നിലവാരം പുലര്‍ത്തിയില്ലെന്ന് ബിബിസി റേഡിയോയില്‍ മുന്‍ ഇംഗ്ലണ്ട് താരം വാഡില്‍ വിമര്‍ശിച്ചു.