പരിഹസിക്കുന്നവരുടെ നഖം വെട്ടുമെന്ന ഭീഷണിയുമായി ബിപ്ലബ് ദേബ്

Posted on: May 1, 2018 4:19 pm | Last updated: May 1, 2018 at 6:08 pm

ന്യൂഡല്‍ഹി: നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തി ട്രോളര്‍മാരുടെ ഇഷ്ട കഥാപാത്രമായി മാറിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്നെ പരിഹസിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. തന്റെ സര്‍ക്കാറിനെ വിമര്‍ശിക്കുകയോ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ സര്‍ക്കാറിനെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്നാണ് ബിപ്ലബ് ദേബിന്റെ ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

സര്‍ക്കാരിനെ പാവയ്ക്കയുമായി ഉപമിച്ചാണ് ബിപ്ലബ് ദേബ് പുതിയ പ്രസ്താവന നടത്തിയത്. കാലത്ത് എട്ട് മണിക്കാണ് പാവയ്ക്ക ചന്തയില്‍ എത്തും. പക്ഷെ ഒമ്പത് മണിയാകുന്നതോടെ ആളുകളുടെ നഖത്തിന്റെ പോറലേറ്റ് പാവയ്ക്ക വാടിപ്പോകും. ഈ അവസ്ഥ തന്റെ സര്‍ക്കാരിന് ഉണ്ടാകാന്‍ അനുവദിക്കില്ല. ബിപ്ലബ് ദേബ് പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും ക്ഷതമേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളുടെ നഖങ്ങള്‍ വെട്ടിമാറ്റാന്‍ തനിക്ക് ഒരു മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയായി നടത്തുന്ന വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ബിപ്ലബ് ദേബിനോട് പ്രധാനമന്ത്രി ബുധനാഴ്ച നേരിട്ട് കാണണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.