Connect with us

Kerala

പകര്‍ച്ചവ്യാധി: പ്രതിരോധ നടപടികള്‍ക്ക് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: പകര്‍ച്ചാവ്യാധി പ്രതിരോധത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം. ആരോഗ്യമന്ത്രി കെ കെ ശൈലജയും തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലും ഇത് സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. പകര്‍ച്ചവ്യാധി മരണങ്ങള്‍ പരമാവധി കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

ജില്ലകളില്‍ ഈവര്‍ഷം ഏപ്രില്‍ വരെ ഉണ്ടായ വിവിധ പകര്‍ച്ചവ്യാധികളുടെ സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്തു. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നതായി രോഗനിരക്കുകള്‍ സൂചിപ്പിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് മിക്ക ജില്ലകളിലും ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രാണിജന്യ രോഗങ്ങള്‍ക്കെതിരെയും തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ തദ്ദേശീയ മലമ്പനിക്കെതിരെയും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ജില്ലാതല മേധാവികളുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെയും അവലോകന യോഗം സംഘടിപ്പിക്കണമെന്നും മന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എഫ് എം റേഡിയോയിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും പൊതുജനങ്ങള്‍ക്ക് വേണ്ടി ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനതലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഡെപ്യൂട്ടി ഡയറക്ടര്‍ (എന്‍ വി ബി ഡി സി പി), ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ പ്രതിനിധി, ഭാരതീയ ചികിത്സാ വകുപ്പ് പ്രതിനിധി എന്നിവരും ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കോര്‍പറേഷന്‍/മുനിസിപ്പന്‍ ചെയര്‍മാന്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാതല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.