ഡേ-നൈറ്റിനില്ല

ആസ്‌ത്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍  പിങ്ക് ബോള്‍ മത്സരത്തിന് ഇന്ത്യക്ക് മടി
Posted on: May 1, 2018 6:13 am | Last updated: April 30, 2018 at 11:59 pm

മുംബൈ: ആസ്‌ത്രേലിയക്കെതിരെ ഡിസംബറില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഡെ- നൈറ്റ് മത്സരം സംബന്ധിച്ച് ഇന്ത്യക്ക് വിയോജിപ്പ്. അഡിലെയ്ഡില്‍ നടക്കുന്ന നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഡെ-നൈറ്റ് ആയി നടത്താനാണ് ക്രിക്കറ്റ് ആസ്ത്രലിയയുടെ തീരുമാനം. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ഇന്ത്യയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആസ്‌ത്രേലിയ നടത്തുന്നത്.

ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് ആദ്യ ടെസ്റ്റ്. പിങ്ക് ബോള്‍ ഉപോയിച്ചുള്ള ഡേ നൈറ്റ് മത്സരമായിരിക്കും ഇതെന്ന് കളിയുടെ ഷെഡ്യൂള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം മത്സരങ്ങള്‍ ന്യൂസീലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ ആസ്‌ത്രേലിയ കളിച്ചിട്ടുണ്ട്. ഇതിലെല്ലാം വിജയം അവര്‍ക്കൊപ്പമായിരുന്നു. അതേസമയം, ഇന്ത്യ ഇതുവരെ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചിട്ടില്ല.

ടെലിവിഷന്‍ റേറ്റിംഗ് കൂട്ടാനും കാണികളെ ആകര്‍ഷിക്കാനും ഡെ നൈറ്റ് മത്സരം ഉപകരിക്കുമെന്നാണ് ആസ്‌ത്രേലിയയുടെ വാദം. എന്നാല്‍, ഈ വാദത്തോട് ബി സി സി ഐ ശക്തമായി വിയോജിക്കുന്നു. തങ്ങള്‍ ഇന്ത്യയുമായി ഡെ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവരുടെ നിലപാട് മാറ്റുന്നതിന് ശ്രമിച്ചുവരികയാണെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സൂതര്‍ലാന്‍ഡ് പറഞ്ഞു.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം പെര്‍ത്ത് സ്റ്റേഡിയത്തിലാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങള്‍ മെല്‍ബണിലും സിഡ്‌നിയിലും നടക്കും.

പര്യടനത്തില്‍ നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഗാബയില്‍ നവംബര്‍ 21ന് ടി20 മത്സരം കളിച്ചാണ് ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. നവംബര്‍ 23, 25 തീയതികളില്‍ മെല്‍ബേണ്‍, സിഡ്‌നി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ അടുത്ത രണ്ട് ടി20 മത്സരങ്ങള്‍.

ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടന ഷെഡ്യൂള്‍

ടി20: നവംബര്‍ 23 (മെല്‍ബള്‍, 25 സിഡ്‌നി)
ടെസ്റ്റ്: ഡിസംബര്‍ 6- 10 (അഡിലെയിഡ്), 14- 18 (പെര്‍ത്ത്), 26- 30 (മെല്‍ബണ്‍), ജനുവരി മൂന്ന്- ഏഴ് (സിഡ്‌നി).
ഏകദിനം: ജനുവരി 12 (സിഡ്‌നി), ജനുവരി 15 (അഡിലെയിഡ്), ജനുവരി 18 (മെല്‍ബണ്‍).