ദളിതുകളുടെ കൂട്ട ബുദ്ധമതം സ്വീകരിക്കല്‍: കാരണം രൂക്ഷമായ സാമൂഹിക അനീതിയെന്ന് ബി ജെ പി. എം പി

Posted on: May 1, 2018 6:08 am | Last updated: April 30, 2018 at 11:11 pm

ന്യൂഡല്‍ഹി: ദളിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചത് സാമൂഹിക അനീതിയുടെ രൂക്ഷതയാണ് കാണിക്കുന്നതെന്ന് ബി ജെ പി. എം പി ഉദിത് രാജ്. 2016 ജൂലൈയില്‍ ഉനയില്‍ ഗോസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ ദളിത് കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തലധികം പേര്‍ ബുദ്ധമതം സ്വീകരിച്ച സംഭവത്തില്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു ബി ജെ പി. എം പി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ദളിത് എം പിയാണ് ഉദിത് രാജ്.

സാമൂഹിക അനീതി തന്നെയാണ് ഇത്തരമൊരു തീരുമാനത്തിന് അവരെ പ്രേരിപ്പിച്ചത്. അപകടകരമായ സാഹചര്യമാണ് ഉള്ളത്. മീശ വളര്‍ത്തിയതിന് പോലും അവര്‍ ആക്രമിക്കപ്പെടുന്നു. ഇതല്ലാതെ അവര്‍ക്ക് മുമ്പില്‍ പോംവഴി എന്താണുള്ളതെന്ന് ഉദിത് രാജ് ചോദിക്കുന്നു.

ഗിര്‍ സോംനാഥ് ജില്ലയിലെ ഉന ടൗണിന് അടുത്തായുള്ള മോട്ടാ സമാധിയാല ഗ്രാമത്തിലായിരുന്നു മതംമാറ്റ ചടങ്ങ് നടന്നത്. ഹിന്ദു ദേവന്‍മാരിലും ദേവതകളിലും വിശ്വാസിക്കുന്നില്ല എന്നതടക്കം 22 പ്രതിജ്ഞകളാണ് പരിവര്‍ത്തിതരായവര്‍ ഏറ്റുചൊല്ലിയത്.

ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമപ്രകാരം കലക്ടര്‍ക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ മതംമാറ്റം ഔദ്യോഗികമായി അംഗീകരിക്കപ്പെടൂ.
ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന് ക്രൂരമായി ആക്രമിക്കപ്പെട്ട ബാലു സര്‍വയ്യ, ഭാര്യ കന്‍വാര്‍, മക്കളായ വഷ്‌റാം, രമേഷ്, മരുമക്കളായ മനീഷ, സോനല്‍ തുടങ്ങിയവരടക്കമുള്ളവരാണ് ബുദ്ധമതം സ്വീകരിച്ചത്. 2016 ജൂലൈ 11 നാണ് മോട്ട സമാധിയാലാ ഗ്രാമത്തില്‍ വെച്ച് ദളിതുകളെ മര്‍ദിച്ച് മൃതപ്രായരാക്കിയത്.

ബുദ്ധമതം സ്വീകരിച്ചപ്പോള്‍ ആശ്വാസം തോന്നുന്നതായി ബാലു പറഞ്ഞു. ശക്തിയാര്‍ജിച്ചപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. സ്വാതന്ത്ര്യം ലഭിച്ചപോലെയും. അന്ധവിശ്വാസങ്ങളെ ഞങ്ങള്‍ ദൂരെക്കളഞ്ഞിരിക്കുന്നു. അന്ന് ആക്രമിക്കപ്പെട്ടതോടെ എനിക്ക് മനസ്സിലായി ഈ വിശ്വാസം ഭാരമാകുന്നുവെന്ന്. ഇപ്പോള്‍ ഒരു വിപ്ലവം സാധ്യമായിരിക്കുന്നു.

ഒരു ദേവനും ദേവതയും ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ വരില്ല. ഞങ്ങള്‍ക്ക് പഠിക്കാം. പഠിപ്പിക്കാം. ഇഷ്ടമുള്ള ജോലി ചെയ്യാം- ബാലു പറഞ്ഞു.