ലാലുവിനെ എയിംസില്‍ നിന്ന് റാഞ്ചിയിലേക്ക് മാറ്റി; രാഹുല്‍ സന്ദര്‍ശിച്ചു

Posted on: April 30, 2018 3:50 pm | Last updated: April 30, 2018 at 9:53 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ലാലുവിനെ ഇന്ന് രാവിലെയാണ് രാഹുല്‍ സംബന്ധിച്ചത്. ഹൃദയ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ലാലുവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഉച്ചയോടെ ലാലുവിനെ എയിംസില്‍ നിന്ന് റാഞ്ചി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലാലുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലാണുള്ളതെന്നും എയിംസ് പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താന്‍ പൂര്‍ണമായും ആരോഗ്യവാനല്ലെന്നായിരുന്നു ലാലുവിന്റെ നിലപാട്. നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള എയിംസിന്റെ നീക്കത്തിലുള്ള അതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി. തന്റെ അസുഖത്തിനുള്ള ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജില്‍ ഇല്ലെന്നും അതിനാല്‍ മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലാലു നേരത്തെ പറഞ്ഞിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റാഞ്ചിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ലാലുവിനെ പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ 14 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.