ഇന്ധന വില വര്‍ധനവില്‍ മാറ്റമില്ല; വിപണിയില്‍ വിലക്കയറ്റം ഉറപ്പായി

Posted on: April 30, 2018 6:12 am | Last updated: April 29, 2018 at 11:42 pm

കൊച്ചി: ഇന്ധന വിലവര്‍ധനവ് മാറ്റമില്ലാതെ തുടരുന്നത് സംസ്ഥാനത്തെ വിപണിയെ കനത്ത തോതില്‍ ബാധിക്കുമെന്ന് ഉറപ്പായി. ഡീസല്‍ വില വര്‍ധന ചരക്കുനീക്കത്തെയും പൊതുഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ഓട്ടോടാക്‌സി തൊഴിലാളികള്‍ക്കും ഡീസല്‍ നിരക്ക് വര്‍ധന തിരിച്ചടിയാകും. അരി, പച്ചക്കറി മുതലായ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിനും പണപ്പെരുപ്പത്തിനും കാരണമായേക്കും.

ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കും മത്സ്യത്തിനുമടക്കം വലിയ തോതില്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ വിപണിയില്‍ നിന്ന് ലഭ്യമാകുന്ന സൂചനകള്‍.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് ചരക്കു നീക്കത്തെ അടുത്ത ദിവസങ്ങളില്‍ തന്നെ ബാധിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാനത്തേക്ക് പച്ചക്കറിയുള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ എത്തിക്കുന്ന ചരക്കുലോറികളെ ഇന്ധന വിലവര്‍ധനവ് ഇതിനകം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മൈസൂരു, കോയമ്പത്തൂര്‍, കമ്പം, തേനി, മേട്ടുപ്പാളയം തുടങ്ങിയിടങ്ങളില്‍ നിന്ന് നിത്യേന നൂറുകണക്കിന് ലോഡ് സാധനങ്ങളാണ് സംസ്ഥാനത്തിന്റെ വിപണിയിലേക്കെത്തുന്നത്.

ഇന്ധന വിലവര്‍ധനവിനെത്തുടര്‍ന്ന് ലോറികളുടെ വാടക കൂട്ടി നിശ്ചയിക്കണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു തുടങ്ങിയാല്‍ അത് അരിയും പച്ചക്കറിയുമുള്‍പ്പടെയുള്ള സാധനങ്ങളുടെ വില വര്‍ധനവിനിടയാക്കും. ഡീസല്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ നേരത്തെ ചരക്കു കൂലിയില്‍ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയായിരുന്നു വര്‍ധന. അടുത്ത കാലത്തൊന്നുമില്ലാത്ത നിലയില്‍ ഡീസലിന്റെ വില ലിറ്ററിന് 71.54 രൂപയായി മാറ്റമില്ലാതെ തുടരുന്നത് ചരക്കു കൂലിയില്‍ വലിയ വര്‍ധനവിനിടയാക്കുമെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. 80 ശതമാനം പച്ചക്കറികള്‍ എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. പലവ്യഞ്ജനങ്ങള്‍ക്കും ആശ്രയം ഇതര സംസ്ഥാനങ്ങള്‍ തന്നെ. ഇന്ധന വില ഇനിയും ഉയര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താനാകാത്തവിധം കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് വിപണികളില്‍. ഡീസല്‍ വില നിയന്ത്രിച്ചില്ലെങ്കില്‍ ചരക്ക് നീക്കം പ്രതിസന്ധിയിലാകുമെന്ന് ലോറി ഉടമകളും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

അമരവിള, തലപ്പോടി, വാളയാര്‍, ഗോപാലപുരം, വേലന്താവളം തുടങ്ങി വിവിധ കവാടങ്ങളിലൂടെ സംസ്ഥാനത്തേക്ക് ദിനംപ്രതി എത്തുന്നത് 20,000 ചരക്ക് ലോറികളാണ്. ഇന്ധന വില വര്‍ധനവ് വന്നതിനുശേഷം നിലവില്‍ ഒരു ലക്ഷം രൂപയുടെ സര്‍വ്വീസ് നടത്തിയാല്‍ പതിനായിരം രൂപയില്‍ താഴെ മാത്രമേ വരുമാനം ലഭ്യമാകുന്നുള്ളൂവെന്ന് ലോറി ട്രാന്‍സ്‌പോര്‍ട്ട് ഏജന്റ് അസോസിയേഷന്‍ ഭാരവാഹി കെ സി സലീം പറഞ്ഞു. ഇന്ധന വിലക്കയറ്റത്തില്‍ ഏറെ വലയുന്നത് ടാക്‌സി ഉടമകളാണ്. 70 ശതമാനത്തിലേറെ ഓട്ടോറിക്ഷകളും ഡീസലാണ് ഉപയോഗിക്കുന്നത്. ഡീസലിന് വില 71 കടന്നതോടെ ഓട്ടോ ടാക്‌സിക്കാരുടെ പ്രതിസന്ധി രൂക്ഷമാകുകയാണ്. അതോടൊപ്പംഡീസല്‍ ഉപയോഗിക്കുന്ന മത്സ്യബന്ധനത്തൊഴിലാളികളുടെയും നില പരുങ്ങലിലാണ്.

സംസ്ഥാനത്ത് ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തില്‍ പരം ബോട്ടുകളുണ്ട്. ഡീസലിന്റെ ക്രമാതീതമായ വില വര്‍ധന ഇവയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും വിദൂര മത്സ്യബന്ധനത്തിനു പോകുന്ന അറുന്നൂറോളം ബോട്ടുകളുണ്ട്. 3500 ട്രോള്‍ ബോട്ടുകളും അറുപതോളം പേഴ്‌സ് സീന്‍ ബോട്ടുകളും നാന്നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളും ഇന്ധനമായി ഡീസലാണുപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡീസലിന്റെ വില വര്‍ധന മൂലം വിദൂര മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക് ഒരു തവണ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ 40,000 രൂപ മുതല്‍ 60,000 രൂപ വരെ അധിക ചെലവു വരുന്നുണ്ട്. മള്‍ട്ടി ഡേ ഫിഷിംഗിനു പോകുന്ന ട്രോളറുകള്‍ക്ക് പതിനായിരം രൂപയോളവും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മൂവ്വായിരം രൂപ പ്രതിദിനവും അധിക ബാധ്യത വരികയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

കടലില്‍ ചൂടു കൂടുന്നതും മറ്റുമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ മത്സ്യ ഉല്പാദനം നേര്‍പകുതിയായി കുറഞ്ഞിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്തിയുടെ ഉത്പാദനമാകട്ടെ ഇക്കാലയളവിനുള്ളില്‍ നാല് ലക്ഷം ടണ്ണില്‍ നിന്നും കേവലം 25,000 ടണ്ണായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധന വിലവര്‍ധന കൂടിയാകൂമ്പോള്‍ മത്സ്യമേഖലക്ക് അത്് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മത്സ്യബന്ധനത്തൊഴിലാളികളുടെ വരുമാനത്തില്‍ വലിയ കുറവാണ് സംഭവിച്ചതെന്നു തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഡീസല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധനബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളുമാണ് കാര്യമായ പ്രതിസന്ധി നേരിടുന്നത്.