ഉത്പാദനം കുത്തനെ കുറഞ്ഞു; മാംഗോസിറ്റിക്ക് കോടികളുടെ നഷ്ടം

Posted on: April 30, 2018 6:14 am | Last updated: April 29, 2018 at 11:17 pm

പാലക്കാട്: ദക്ഷിണേന്ത്യയിലെ മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ മാമ്പഴം ഉത്പാദനത്തില്‍ വന്‍ തിരിച്ചടി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മാങ്ങ ഉത്പാദനത്തിന് വന്‍ കുറവാണ് അനുഭവപ്പെട്ടത്. 750000 മുതല്‍ ഒരു ലക്ഷം ടണ്‍ വരെ മാങ്ങ ഉത്പാദിപ്പിക്കുന്ന മുതലമടയില്‍ ഇത്തവണ 25000- 30000 വരെ ടണ്ണാണ് ലഭിച്ചത്. ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് വിറ്റുവരവിലും സാധാരണ ലഭിക്കുന്നതിനേക്കാള്‍ 275- 300 കോടിയുടെ കുറവുണ്ടായിട്ടുണ്ട്.

നല്ല വിളവ് ലഭിക്കുകയാണെങ്കില്‍ 600 കോടിയോളം രൂപയുടെ വിറ്റുവരവുണ്ടാകും. ഉത്പാദനക്കുറവിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ നല്‍കി തോട്ടം എടുത്ത വ്യാപാരികളും കര്‍ഷകരും ആശങ്കയിലാണ്. ഓഖി കൊടുങ്കാറ്റ് കാരണം മാമ്പൂവിടുന്ന ഡിസംബറില്‍ മൂടിക്കെട്ടിയ കാലാവസ്ഥയില്‍ പൂക്കള്‍ ചീഞ്ഞു പോവുകയും പിന്നീട് പൂവിടുന്നതിലുണ്ടായ കാലതാമസവുമാണ് വിളവ് കുറഞ്ഞതിന് കാരണം.

പുറമെ ബങ്കനപ്പള്ളി എന്ന ഇനത്തില്‍ ഇത്തവണ കീടം ബാധിച്ചതും തിരിച്ചടിയുടെ ആക്കം കൂട്ടി. മഴക്കുറവും ഉത്പാദനക്കുറവിനു കാരണമായിട്ടുണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും അകന്നു നിന്നതോടെ ആവശ്യത്തിനു മഴയില്ലാതായത് മാങ്ങയുടെ വലുപ്പത്തിലും ഗുണത്തിലും വ്യത്യാസം ഉണ്ടാക്കി. ഇത് ഗള്‍ഫ് നാടുകളിലും ഉത്തരേന്ത്യന്‍ വിപണികളിലും മാമ്പഴത്തിനുള്ള ആവശ്യക്കാരെ കുറച്ചു.

വാളയാര്‍ അതിര്‍ത്തി മുതല്‍ ചെമ്മണാംപതി വരെ വ്യാപിച്ചു കിടക്കുന്ന എണ്ണായിരം ഹെക്ടറിലാണ് മാന്തോപ്പുകളുള്ളത്. സീസണില്‍ ആയിരക്കണക്കിന് തൊഴിലാളികളാണു മാമ്പഴവുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്നത്. ഉത്പാദന കുറവ് സംഭവിച്ചതോടെ തൊഴിലാളികകള്‍ക്ക് ജോലിയും കുറഞ്ഞു. തൊഴില്‍ദിനങ്ങള്‍ നിയന്ത്രിച്ചത് ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടിരിക്കുകയാണ്.

മറ്റു കൃഷിക്കെന്ന പോലെ മന്തോപ്പുകളില്‍ കൃഷിവകുപ്പ് ഇടപെടുന്നില്ലെന്ന പരാതിയും ശക്തമായിട്ടുണ്ട്. ഇതുമൂലം മാന്തോപ്പുകളിലെ കീടബാധയും പ്രതിസന്ധിയും പരിഹരിക്കുന്നതിനും യാതൊരു നിര്‍ദേശവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതിന് പരിഹാരമായി മാമ്പഴക്കാലത്ത് മുതലമടയിലേക്ക് കൃഷി വിദഗ്ധനെ നിയോഗിക്കുക, മരുന്നു തെളി, പൂ പരിപാലനം എന്നിവയെക്കുറിച്ചു നിര്‍ദേശങ്ങള്‍ നല്‍കാന്‍ സീസണിന്റെ ആദ്യം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ശാസ്ത്രജ്ഞരെ നിയോഗിക്കുക, കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സബ് സെന്റര്‍ സ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങളാണ് കര്‍ഷകര്‍ക്ക് ഉന്നയിക്കുന്നത്.