Connect with us

National

കരുത്തറിയിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം വരിനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടപ്പിനൊരുങ്ങി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. ജന്‍ ആക്രോശ് എന്ന പേരില്‍ ഡല്‍ഹിയിലെ രാംലീല മൈതനത്താണ് അരലക്ഷത്തോളം പേര്‍ പങ്കെടുത്ത കൂറ്റന്‍ റാലി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ബി ജെ പിക്ക് മുമ്പേ ലോക്‌സ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍ കൈ നേടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഇന്നലെ ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയ വൃത്തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ഡല്‍ഹിയില്‍ നടത്തിയ ആദ്യ മഹാറാലിയില്‍ കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ ഉദ്ഘാടന പ്രസംഗം. ദലിത് പീഡനം, പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം, ഇന്ധന വിലവര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ജനരോഷം പ്രയോജനപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

റാലിയോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സന്നദ്ധമായെന്നും ഇനി പ്രചാരണം സജീവമാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പി സി സി മുതല്‍ ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകരെ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ പി സി സി പ്രസിഡന്റ് എം എം ഹസന്റേയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് ബാര്‍കോഡ് രേഖപ്പെടുത്തിയ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി 40,000ല്‍ അധികം കാര്‍ഡുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നത്. ഓരോ പ്രദേശത്ത് നിന്നും എത്രപേര്‍ റാലിയില്‍ പങ്കെടുത്തുവെന്ന കണക്ക് ലഭിക്കുന്നതിനും ഓരോ പ്രാദേശിക നേതാക്കളും എത്ര പേരെ റാലിക്ക് എത്തിച്ചുവെന്ന കണക്കെടുക്കാനുമാണ് ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതില്‍ സത്യത്തിന്റെ അംശംപോലുമുണ്ടോയെന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ജനങ്ങള്‍. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകളും കുട്ടികളും പീഡനത്തിന് ഇരയാകുമ്പോഴും പ്രധാനമന്ത്രി മൗനമായിരിക്കുകയാണ്. രാജ്യത്തെ കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് താന്‍ മോദിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോഴും മൗനത്തിലാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്ക് ജീവിക്കാനാവില്ല. കര്‍ഷകരുടെ ‘ഭൂമി പിടിച്ചെടുക്കുന്ന നരേന്ദ്ര മോദിയുടെ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയോട് വിദേശത്ത് നിന്ന് ആവശ്യപ്പെടുന്ന സാഹചര്യം ആദ്യമായി ഉണ്ടായി. നീരവ് മോദിയെ പോലുള്ള വലിയ വ്യവസായികള്‍ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നു. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. ചൈന അതിര്‍ത്തിയില്‍ കടന്നു കയറ്റം തുടരുമ്പോഴും അജന്‍ഡകളില്ലാതെയാണ് പ്രധാനമന്ത്രി ചര്‍ച്ചക്കായി ചൈനയില്‍ പോയതെന്നും രാഹുല്‍ വിമര്‍ശിച്ചു.