Connect with us

Kerala

ദൃഢപ്രതിജ്ഞകള്‍ ഏറ്റുചൊല്ലി എസ് എസ് എഫ് ഉണര്‍ത്തുസമ്മേളനം

Published

|

Last Updated

എസ് എസ് എഫ് ഉണര്‍ത്തുസമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കൂരിയാട്: എസ് എസ് എഫിന്റെ നാല്‍പത്തഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉണര്‍ത്തുസമ്മേളനത്തിന് ഉജ്ജ്വല സമാപനം. പരസ്യ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും ഉപയോഗിക്കാതെ നേതാക്കള്‍ അണികളിലേക്കിറങ്ങി മാത്രം നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ സംഗമിപ്പിച്ച് പുതിയ സമ്മേളന മാതൃക സൃഷ്ടിച്ചാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത്.

വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കാനും അരാഷ്ട്രീയ പ്രവണതകളോട് ജാഗ്രതപാലിക്കാനുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് ഉണര്‍ത്തുസമ്മേളനം നടന്നത്. ഇതിനായി സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 6000 കേന്ദ്രങ്ങളില്‍ ഗ്രാമസഞ്ചാരവും 101 കേന്ദ്രങ്ങളില്‍ ഉണര്‍ത്തുസഞ്ചാരവും എത്തിച്ചേര്‍ന്നു. ശേഷമാണ് കൂരിയാട്ടെ വിശാലമായ നഗരിയില്‍ പ്രവര്‍ത്തകര്‍ സംഗമിച്ചത്. വരുന്ന അഞ്ച് വര്‍ഷത്തെ കര്‍മ പദ്ധതികളുടെ പ്രഖ്യാപനം സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നിര്‍വഹിച്ചു. ക്യാമ്പസുകളിലെ അരികുവത്കരണത്തിനും ദളിത് ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഫാറൂഖ് നഈമി നയപ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, എം അബ്ദുല്‍ മജീദ്, കെ അബ്ദുര്‍റശീദ്, സി പി ഉബൈദുല്ല സഖാഫി, എ മുഹമ്മദ് അശ്ഹര്‍, സി എന്‍ ജഅ്ഫര്‍ സംസാരിച്ചു.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ മൂല്യങ്ങളെ കൈയേറ്റം ചെയ്യാനനുവദിക്കരുത്: കാന്തപുരം

കൂരിയാട്: വ്യക്തി സ്വാതന്ത്ര്യത്തെ മറയാക്കി മൂല്യങ്ങള്‍ കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ രാജ്യവും സമൂഹവും പാവനമായി കരുതിയ പല ശീലങ്ങളും കൈയേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സദാചാര നിഷ്ഠയെ അവഹേളിക്കാന്‍ സംഘടനകള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. തിന്മ ഫേഷനാവുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാലത്ത് വിശ്വാസത്തെ മുറുകെ പിടിച്ച് രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ഥി സമൂഹം ജാഗ്രത കാണിക്കണം. എസ് എസ് എഫിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക്‌വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് കൂരിയാട് സംഘടിപ്പിച്ച ഉണര്‍ത്തു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.