Connect with us

International

അടുത്ത മാസം ഉത്തര കൊറിയ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ദക്ഷിണ കൊറിയ

Published

|

Last Updated

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ആണവ പരീക്ഷണ കേന്ദ്രമായ പുംഗി റി അടച്ചുപൂട്ടുന്നത് പൊതുപരിപാടികളോടെയായിരിക്കും. ദക്ഷിണ കൊറിയയില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള വിദഗ്ധരെ ഇതിന് സാക്ഷികളാക്കുന്നതിന് ക്ഷണിക്കുമെന്നും വക്താവ് പറഞ്ഞു.

കൊറിയന്‍ ഉപദ്വീപില്‍ ആണവായുധ സാന്നിധ്യം ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയും വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ആണവ പരീക്ഷണ കേന്ദ്രം മെയ്മാസത്തോടെ അടച്ചുപൂട്ടുമെന്ന് കിം പറഞ്ഞതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് യൂണ്‍ യങ് ചാന്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിനുള്ള സുതാര്യതക്കായി ദക്ഷിണ കൊറിയയില്‍നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിദഗ്ധരെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും കിം പറഞ്ഞതായി യൂന്‍ പറഞ്ഞു. എന്നാല്‍ ദക്ഷിണ കൊറിയയുടെ പ്രസ്താവനയോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.