ലിഗയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted on: April 28, 2018 2:12 pm | Last updated: April 29, 2018 at 8:55 am

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ അറിവായി. ലിഗയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ശ്വാസതടസം കൊണ്ട് ഉണ്ടായതാകാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത് . കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുമുണ്ട്. തൂങ്ങിമരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടലുണ്ടാകില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ബലത്തില്‍ പിടിച്ചു തള്ളിയത്‌പോലെയാണ് മ്യതദേഹം കിടന്നിരുന്നതെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.

ലിഗ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ 20ന് തിരുവല്ലം വാഴമുട്ടത്തെ കായലോരത്ത് ആളോഴിഞ്ഞ പ്രദേശത്താണ് ഒരു മാസം പഴക്കമുള്ള മ്യതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ബന്ധുക്കളെത്തി ഇത് ലിഗയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തതില്‍ കുറച്ച് പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.