Connect with us

National

കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഇന്നലെ രാവിലെ മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സാണ് ഇതിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും കഴിഞ്ഞ തവണത്തെ പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പാക്കിയെന്നും രാഹുല്‍ പറഞ്ഞു. ആര്‍ എസ് എസിന്റെയും റെഡ്ഢി സഹോദരങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്ന ബി ജെ പിയുടെ പ്രകടന പത്രികയില്‍ നിന്ന് വ്യത്യസ്തമാണ് കോണ്‍ഗ്രസിന്റെ പത്രിക. അടച്ചിട്ട മുറിയില്‍ തയ്യാറാക്കിയ പത്രികയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സെക്രട്ടറി പി സി വിഷ്ണുനാഥ്, കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര, എം വീരപ്പമൊയ്‌ലി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബെംഗളൂരുവിന്റെ വികസനവും ഭാവിയും മാത്രം ഉള്‍പ്പെടുത്തി പത്രികയില്‍ ഒരധ്യായം തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാം പിത്രോദ, പൃഥ്വിരാജ് ചൗഹാന്‍, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് പ്രകടനപത്രിക തയ്യാറാക്കിയത്. വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി. തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായതിനാല്‍ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുമ്പായി കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു.

സംസ്ഥാനത്തെ മേഖലകള്‍ തിരിച്ച് വ്യത്യസ്ത പ്രകടന പത്രികകളും പുറത്തിറക്കുന്നുണ്ട്. ബെംഗളൂരു, ബെല്‍ഗാം, ഗുല്‍ബര്‍ഗ, മൈസൂരു മേഖലകള്‍ക്കായാണ് പ്രത്യേക പ്രകടനപത്രികകള്‍. ബെംഗളൂരു മേഖലാ തല പ്രകടന പത്രിക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് പ്രകാശനം ചെയ്യും.

Latest