പിണറായി കൊലപാതകം: ഒന്നര വയസ്സുകാരിയുടെ മരണവും കൊലപാതകമെന്ന് സംശയം

Posted on: April 28, 2018 6:16 am | Last updated: April 27, 2018 at 11:22 pm
സൗമ്യയെ തെളിവെടുപ്പിനായി
കൊണ്ടുപോകുന്നു

തലശേരി: പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടിലെ ആദ്യ മരണവും കൊലയെന്ന് സംശയം. കൊലപാതക പരമ്പരയില്‍ ഇപ്പോള്‍ അറസ്റ്റിലുള്ള സൗമ്യയുടെ ഒന്നര വയസ്സുള്ള മകള്‍ കീര്‍ത്തന ആറ് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഈ മരണവും കൊലപാതകമാണോയെന്ന് സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവെന്ന് പറയുന്ന കോട്ടയം സ്വദേശി കിഷോറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ പോലീസ് വിട്ടയച്ചു. തലശേരി വിട്ടുപോകരുതെന്ന നിര്‍ദേശം നല്‍കിയാണ് വിട്ടയച്ചത്. സൗമ്യയുടെ കാമുകരെന്ന് പറയുന്ന നാല് പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തലശ്ശേരി പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എട്ട് വയസ്സുള്ള മകളെയും അച്ഛനമ്മമാരെയും യുവതി കൊലപ്പെടുത്തിയത് കേരളമാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ വീട്ടില്‍ ആറ് വര്‍ഷം മുമ്പ് നടന്ന മരണവും പോലീസ് അന്വേഷിക്കുന്നത്. കീര്‍ത്തനയെയും എലിവിഷം നല്‍കി കൊലചെയ്തതാകാമെന്നാണ് സംശയം. കീര്‍ത്തനയുടെ പിതൃത്വത്തെ ചൊല്ലി സൗമ്യയും കിഷോറും പതിവായി വഴക്കിടാറുണ്ടായിരുന്നു. സത്യം തെളിയാന്‍ എലിവിഷം കലക്കിയ വെള്ളം തന്റെ മുന്നില്‍ വെച്ച് കുടിക്കണമെന്ന് കിഷോര്‍ നിര്‍ബന്ധിക്കുകയും ഇത് താന്‍ അനുസരിച്ചെന്നും ചോദ്യം ചെയ്യലിനിടെ സൗമ്യ മൊഴി നല്‍കിയിരുന്നു. ഈ വിഷവെള്ളം കുഞ്ഞിനും നല്‍കിയിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.

കിഷോറിനെ വിളിച്ചുവരുത്തി നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ പോലീസിന് വലിയ തെളിവുകളൊന്നും കിട്ടിയിട്ടില്ല. എങ്കിലും സംശയം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചത്.

2012 സെപ്തംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. അപസ്മാരവും നിര്‍ത്താതെയുള്ള ഛര്‍ദ്ദിയുമായി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കീര്‍ത്തനയെ പിന്നീട് വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റി. മൂന്ന് മാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. അന്ന് ആരും സംശയം പ്രകടിപ്പിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെയാണ് വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്.