ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കാനുള്ള നീക്കം: റുമാനിയന്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന്

പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിയോറിക്ക ഡാന്‍സില ഉടന്‍ രാജിവെക്കണമെന്ന് പ്രസിഡന്റ് ക്ലൗസ് ലോഹാനിസ്
Posted on: April 28, 2018 6:18 am | Last updated: April 27, 2018 at 10:26 pm

ജറൂസലം: ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കാന്‍ മുന്നോട്ടുവന്ന റുമാനിയന്‍ പ്രധാനമന്ത്രിയുടെ രാജിക്ക് മുറവിളി ഉയരുന്നു. റുമാനിയന്‍ പ്രസിഡന്റ് ക്ലൗസ് ലോഹാനിസ് തന്നെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു എസ് നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ റുമാനിയയും സമാന നീക്കത്തിനൊരുങ്ങിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തെല്‍അവീവില്‍ നിന്ന് ഇസ്‌റാഈലിന്റെ തലസ്ഥാനം ജറൂസലമായി അംഗീകരിക്കുന്ന മെമ്മോറാണ്ടത്തിന് റുമാനിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കി. റുമാനിയയിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് ലിവ്യൂ ഡ്രാഗ്ന്യയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ പ്രസിഡന്റിനോട് കൂടിയാലോചന നടത്താതെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും റുമാനിയന്‍ സര്‍ക്കാറിന്റെ സാഹചര്യം വളരെ മോശമാക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിയോറിക്ക ഡാന്‍സില ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. വിദേശ പോളിസിയുമായി ബന്ധപ്പെട്ട വളരെ രഹസ്യമായ ഒരു മെമ്മോറാണ്ടം തന്നോട് ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി അവതരിപ്പിക്കുകയായിരുന്നുവെന്നും റുമാനിയന്‍ ഭരണഘടന പ്രകാരം, റുമാനിയയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മുഴുവന്‍ കാര്യങ്ങളും പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് ഭരണ ഘടന നിര്‍ദേശിക്കുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തീരുമാനത്തിന് അംഗീകാരം നല്‍കുകയാണെങ്കില്‍ അമേരിക്കക്ക് ശേഷം ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമാകും റുമാനിയ. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ഫലസ്തീനിന്റെ ഭാവി തലസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന നഗരമാണ് കിഴക്കന്‍ ജറൂസലം. അറബ് സഖ്യരാജ്യങ്ങള്‍ അമേരിക്കയുടെ ഈ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇത്തരമൊരു വിഷയത്തെ കുറിച്ച് തന്നോട് ചര്‍ച്ച ചെയ്യുകയോ വിവരം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് ലോഹാനിസ് മെമ്മോറാണ്ടം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സമയത്തു തന്നെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര പോളിസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വളരെ സൂക്ഷ്മതയോടെയും ഉത്തരവാദിത്വബോധത്തോടെയും മാത്രമേ പ്രതികരിക്കാവൂ എന്ന് അദ്ദേഹം എല്ലാ രാഷ്ട്രീയക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.