Connect with us

Articles

തിരിച്ചറിയുന്നു കേരളം

Published

|

Last Updated

അടുത്ത കാലത്തായി മലയാൡള്‍ക്ക് ചില തിരിച്ചറിവുകളുണ്ടായിട്ടുണ്ട്. അയല്‍നാടുകളില്‍ നിന്നുള്ള പച്ചക്കറി ഉത്പാദനവും വിപണനവും മാതൃകയാക്കാതെകൃഷിയില്‍ വ്യക്തിത്വമുണ്ടാക്കാന്‍ മലയാളിക്ക് മെല്ലെമെല്ലെ കഴിയുന്നുണ്ടെന്നതാണ് വസ്തുത. അയല്‍സംസ്ഥാനങ്ങളിലെ കൃഷിയിലെ വിഷപ്രയോഗവും അതുവഴിയുള്ള ഉത്പാദനവര്‍ധനവും ലാഭവുമെല്ലാം മലയാളിയെ ഒരു കാലത്ത് പ്രലോഭിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും അതൊന്നും അനുഭവത്തില്‍ വരുത്താന്‍ മലയാളി തയ്യാറല്ലെന്ന് അടുത്തകാലത്തായി വ്യക്തമായിട്ടുണ്ട്. വിഷരഹിത – ജൈവ പച്ചക്കറികൃഷി ഇന്ന് കേരളീയന്റെ ജീവിത രീതിയുടെ ഭാഗമായി മാറിയിരിക്കുന്നു. സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയവക്കെല്ലാം ശേഷം സംസ്ഥാനം കണ്ട വലിയ ജനകീയ മുന്നേറ്റമായി പച്ചക്കറികൃഷി മാറിയിട്ടുണ്ടെന്നത് പച്ചയായ പരമാര്‍ഥമാണ്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഒരു വര്‍ഷം കൊണ്ട് മാത്രം 64 ശതമാനം വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുമ്പോള്‍ അതെത്രമാത്രം വലുതാണെന്ന്അംഗീകരിച്ചേ തീരൂ. ഓണവും വിഷുവും പോലുള്ള കാര്‍ഷിക ഉത്സവങ്ങള്‍ മാത്രം ലക്ഷ്യമിട്ട് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയുടെ കണക്കെടുത്താല്‍ മാത്രം മതി ഇവിടെയുള്ള ഉത്പാദനത്തിന്റെ ആഴവും പരപ്പുമറിയാന്‍. മലയാളിയുടെ ജീവിതാനുഭവങ്ങള്‍ മാത്രമാണ്് ഉപഭോക്തൃ സംസ്ഥാനമെന്ന അപകീര്‍ത്തി പേറുന്ന കേരളത്തിന് വിഷരഹിത പച്ചക്കറിയുടെ ഉത്പാദന സാധ്യതകള്‍ അന്വേഷിച്ചിറങ്ങാന്‍ പ്രേരിപ്പിച്ചത്. അടുക്കള തോട്ടമെന്ന നമ്മുടെ നാടന്‍ പ്രയോഗത്തെ കൂട്ടുപിടിച്ച് അവനവന്റെ വീട്ടുപറമ്പിലും മുറ്റത്തും ഒടുവില്‍ മട്ടുപ്പാവിലും പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ മലയാളി വീണ്ടും പഠിച്ചു തുടങ്ങുകയായിരുന്നു. പഴം, പച്ചക്കറി, പശുവളര്‍ത്തല്‍, മുട്ടക്കോഴി- താറാവ് വളര്‍ത്തല്‍, കൈപ്പാട് നെല്‍കൃഷി, കുറ്റിമുല്ല കൃഷി, മത്സ്യകൃഷി അങ്ങനെയങ്ങനെ അനുബന്ധ കാര്‍ഷിക പരിപാടികളിലേക്കു കൂടി മലയാളിയുടെ കാര്‍ഷികാഭിരുചി പടര്‍ന്നു പന്തലിച്ചുവെന്നത് ചെറുതല്ലാത്ത കാര്യമാണ്.

രണ്ട് പതിറ്റാണ് മുമ്പുതന്നെ കേരളത്തില്‍ ജൈവകൃഷി എന്ന ആശയം പൊട്ടിമുളച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിപ്പുറമാണ് ഇത്ര വേഗത്തില്‍ നമ്മുടെ മണ്ണിലും മനസ്സിലും പച്ചക്കറി കൃഷി വേരോടിയത്. ബി ഒ ടി വഴുതനക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജൈവവഴുതന ഉത്പാദിപ്പിച്ച് തൊണ്ണൂറുകളില്‍ ആലപ്പുഴയില്‍ മൊട്ടിട്ട ജൈവവിപ്ലവം 15 വര്‍ഷത്തിനുശേഷം കേരളം ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാറുകളുടെയും രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളുടെയും ജൈവപച്ചക്കറിയെന്ന ആശയം സാക്ഷാത്കരിക്കാന്‍ കൈമെയ്മറന്ന് മണ്ണിലിറങ്ങി. പരമ്പരാഗത കര്‍ഷകരും സംഘടനകളും കുടുംബശ്രീ കൂട്ടായ്മ എന്നുവേണ്ട സകല സന്നദ്ധസംഘടനകളും സഹകരണ സംഘങ്ങളുമെല്ലാം ചേര്‍ന്ന് കൃഷിയില്‍ താത്പര്യമുള്ളവരുടെ മാത്രം കൂട്ടായ്മയായി ഇതുവളര്‍ന്നു.

ഭക്ഷ്യസുരക്ഷയില്‍ കേരളത്തില്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് പച്ചക്കറിയുടെ കാര്യത്തിലാണെന്ന് 20 വര്‍ഷം മുമ്പു തന്നെ ഗവേഷകരും വിവിധ സര്‍വേകളും മുന്നറിയിപ്പ് തന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ അന്ന് തന്നെ പച്ചക്കറി ഉത്പാദന രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ ഉത്പാദനത്തിലെ സ്വയം പര്യാപ്തത ഇന്നുള്ളതിനേക്കാള്‍ കുറേക്കൂടി വേഗത്തിലാകുമായിരുന്നു. എന്നാല്‍ പിന്നെയും പത്ത് വര്‍ഷത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2008 ഓടെ തുടങ്ങിയ പച്ചക്കറി ഉത്പാദന പദ്ധതി കുറച്ചെങ്കിലും ലക്ഷ്യംകണ്ടു തുടങ്ങിയത് പത്ത് വര്‍ഷത്തിനിപ്പുറം 2018 ലാണെന്ന് കണക്കാക്കുമ്പോള്‍ ഉത്പാദന വളര്‍ച്ചയുടെ വേഗത അല്‍പ്പം കുറവാണെന്ന് കണക്കാക്കാനാകും. 2008ല്‍ കേരളത്തിന്റെ പച്ചക്കറിയുടെ ആവശ്യം 17 ലക്ഷം ടണ്ണായാണ് കണക്കാക്കിയിരിക്കുന്നത്. അന്ന് സംസ്ഥാനത്തിന്റെ പച്ചക്കറി ഉത്പാദനം ഏഴ്‌ലക്ഷം ടണ്ണായിരുന്നു. ഈ സ്ഥിതി മാറ്റി, ഉത്പാദനം വര്‍ധിപ്പിക്കാനാണ് 2008ല്‍ പച്ചക്കറി ഉത്പാദനം കൂട്ടാനുള്ള പദ്ധതികള്‍ തുടങ്ങിയത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ യോജിപ്പിച്ച് പച്ചക്കറി വികസനത്തിന് 2008 മുതല്‍ പദ്ധതികള്‍ ആരംഭിക്കുകയായിരുന്നു. ആയിരം പച്ചക്കറി ഗ്രാമങ്ങള്‍, 105 വിദ്യാലയങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍, നെല്‍പാടങ്ങളില്‍ മൂന്നാം വിളയായി പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളായിരുന്നു അന്ന് ഇതിനായി തുടങ്ങിയത്. പിന്നീട് 2009-10 കാലത്ത് 1300 ഹെക്ടര്‍ നെല്‍പാടങ്ങളില്‍ മൂന്നാം വിളയായി പച്ചക്കറി കൃഷി തുടങ്ങി. വെജിറ്റബിള്‍ ആന്‍ഡ് ഫുഡ് പ്രൊഡക്ഷന്‍ കൗണ്‍സിലിന്റെയും 736 സ്വാശ്രയ സംഘങ്ങളുടെയും നേതൃത്വത്തില്‍ 1,42,814 കര്‍ഷകര്‍ അന്ന് 16,327 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി. പത്ത് ഇനം പച്ചക്കറി വിത്തുകള്‍ 10.64 ടണ്‍ സൗജന്യമായി വിതരണം നടത്തി. ഇത്തരത്തില്‍ പച്ചക്കറി ഉത്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിലൂടെ 2008-09 ല്‍ 40,000 ടണ്ണും 2009-10 ല്‍ ഒരു ലക്ഷം ടണ്ണും പച്ചക്കറി അധികമായി ഉത്പാദിപ്പിച്ചു. പച്ചക്കറി ഉത്പാദനത്തില്‍ സര്‍ക്കാറിന്റെ പല പദ്ധതികളും വിജയം കണ്ടു. ഇതിന്റെ അര്‍ഥം പച്ചക്കറി ഉത്പാദനത്തിന്റെ ആവശ്യകത ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് അന്ന്് കഴിഞ്ഞുവെന്നതാണ്. വീട്ടുവളപ്പുകളിലും ടെറസുകളിലും മൂന്നാം വിളയായും ഇടവിളയായും പച്ചക്കറി കൃഷിയില്‍ വ്യാപകമായി ജനങ്ങള്‍ താത്പര്യം കാണിക്കുന്നുവെന്ന് അന്ന് തന്നെ സര്‍ക്കാര്‍ വിലയിരുത്തി. അത് പിന്നീടുള്ള സര്‍ക്കാറുകള്‍ കക്ഷിഭേദമില്ലാതെ പിന്തുടരുകയും കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പദ്ധതി രൂപവത്കരിക്കുകയും ചെയ്തതോടുകൂടിയാണ് ആദ്യഘട്ടത്തില്‍ കുറഞ്ഞെങ്കിലും കേരളത്തിന്റെ പച്ചക്കറി ഉല്‍പ്പാദനം ക്രമേണ കൂടിക്കൂടി വന്നത്.

കേരളത്തിന്റെ പച്ചക്കറി ആവശ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എല്ലാ പച്ചക്കറികളും ഒരു പോലെ, നന്നായി ഉപയോഗിക്കുന്നവരാണ് കേരളീയര്‍. സാധാരണ ദിവസം ഇവിടെ ആവശ്യമുള്ളത് 25 ലക്ഷം ടണ്‍ പച്ചക്കറിയാണ്. ഏഴ് ലക്ഷം ടണ്‍ പച്ചക്കറി കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിയുള്ളവ മുഴുവന്‍ എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. ഓണം, വിഷു പോലുള്ള സമയങ്ങളില്‍ ഒരു ദിവസം 25 ലക്ഷം എന്നുള്ളത് രണ്ടോ മൂന്നോ നാലോ ഇരട്ടിയായി വര്‍ധിക്കുന്നു. ഉത്പാദനം ഏഴ് ലക്ഷം ടണ്ണില്‍ നിന്ന് സാധാരണ കൂടാത്ത കേരളത്തില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വിറ്റഴിയുന്നത് നാല്‍പ്പതോ അമ്പതോ ലക്ഷം ടണ്‍ ഇതരസംസ്ഥാന പച്ചക്കറികളായിരുന്നു. ഇതില്‍ വലിയ മാറ്റമാണ് അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 63 ലക്ഷം വീടുകളിലും ചുരുങ്ങിയത് അഞ്ച് ഇനം പച്ചക്കറികളെങ്കിലും കൃഷി ചെയ്താണ് ഈ കുറവ് നികത്തിവരുന്നതെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല. വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളുമില്ലെങ്കിലും ഒന്നോ രണ്ടോ ഇനങ്ങളെങ്കിലും കൃഷി ചെയ്യാത്ത വീടുകള്‍ കേരളത്തില്‍ കുറവാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഏത് തരം പച്ചക്കറിയും ഇവിടെ കൃഷി ചെയ്യാനാകും. കടലോരം മുതല്‍ മലയോരം വരെയുള്ള ഭൂ പ്രകൃതിയാണ് കേരളത്തിന്റെ പ്രത്യേകത. കേരളത്തിന്റെ തനതായ പച്ചക്കറികള്‍ക്ക് പുറമേ കാബേജും കാരറ്റും ബീറ്റ് റൂട്ടും കോളിഫഌവറും തുടങ്ങിയ ഇംഗ്ലീഷ് പച്ചക്കറികളും നന്നായി വിളയിക്കാനാവുന്ന പ്രദേശങ്ങള്‍ ഇവിടെ ഉണ്ട്. ഇതില്‍ ശ്രദ്ധവേണ്ടത് ഉത്പാദനത്തിലെ വൈവിധ്യവത്കരണവും പ്രത്യേകിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനവും ഉത്പാദിപ്പിക്കുന്ന ഉത്പന്നം ഉപഭോക്താവിന്റെ അടുത്ത് എത്തിക്കാനുള്ള സംഘടനാപരമായ ശേഷിയുമാണ്. വിഷം ഭക്ഷിക്കാതിരിക്കാന്‍ മലയാളി കുറേക്കൂടി കരുതല്‍ തുടങ്ങിയതോടെ പച്ചക്കറി കൃഷി രംഗത്ത് ഹൈടെക് സാധ്യതകള്‍ കൂടി അടുത്തകാലത്തായി പരീക്ഷിക്കപ്പെട്ടു. ഹൈടെക് രീതിയില്‍ കൃഷി ചെയ്യുന്ന 1500 ഓളം ഗ്രീന്‍ഹൗസുകള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് പച്ചക്കറി ഉത്പാദനം നടത്താന്‍ സാധിച്ചാല്‍ ഹൈടെക് ഫാമിംഗിനും ഗ്രീന്‍ ഹൗസ് ഫാമിംഗിനുമെല്ലാം സാധ്യത അപാരമായിരിക്കുമെന്നും അടുത്ത കാലത്തായി തെളിഞ്ഞിട്ടുണ്ട്. അതേ സമയം പച്ചക്കറി ഉത്പാദനത്തില്‍ ഇനിയും കുറേക്കൂടി സാധ്യതള്‍ കേരളത്തിനുണ്ടെന്ന് കണക്കാക്കുന്നുണ്ട്. പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തിന്റെ ഓരോ പ്രദേശത്തിനും പറ്റിയ വിത്തിനങ്ങള്‍ എത്തിക്കുകയും അനുയോജ്യമായ കൃഷിരീതി കൃഷിവകുപ്പിന്റെ മേല്‍കൈയില്‍ പുതിയ തലത്തില്‍ നടപ്പാക്കുകയുംചെയ്യണം. പഞ്ചായത്തുകള്‍ പ്രാദേശികമായി ജലസേചന സൗകര്യമൊരുക്കണം. പഞ്ചായത്തുകളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കണം. സഹകരണ സംഘങ്ങള്‍വഴി പച്ചക്കറികള്‍ സംഭരിക്കാന്‍ സംവിധാനം ഒരുക്കുകയും ഒപ്പം ലളിതമായ വ്യവസ്ഥകളില്‍ വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും വേണം. ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറി, ഉപഭോക്താവിലെത്തിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൃഷിക്കാര്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനാവണം. വിപണി സൗകര്യം മെച്ചപ്പെടുത്തുകയും വേണം. അടുത്ത 25 വര്‍ഷം, കേരളത്തിലെ കാര്‍ഷികമേഖല അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതായിരിക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കൃഷിഭൂമിയുടെയും ജലത്തിന്റെയും ലഭ്യത ദിനംപ്രതി കുറഞ്ഞു വരുന്നതിനാല്‍ അവയുടെ കാര്യക്ഷമമായ ഉപയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യയെ ആരോഗ്യമുള്ളവരായി വാര്‍ത്തെടുക്കുന്നതിന് ലഭ്യമായ ജലം ഉപയോഗിച്ച് ഒരു യൂണിറ്റ് കൃഷിഭൂമിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഉത്പാദനക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനു തന്നെയാണ് ഇനി സര്‍ക്കാറും ജനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest