Connect with us

Kerala

ലിഗയുടെ മരണം കൊലപാതകം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

Published

|

Last Updated

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മരണം കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കഴുത്തിലും കാലിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കഴുത്തില്‍ ഒരു മുറിവും കാലില്‍ രണ്ട് മുറിവുകളുമാണ് കണ്ടെത്തിയത്. ഇത് അക്രമം പ്രതിരോധിക്കുമ്പോഴുണ്ടാവുന്നതാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരും. അതിനിടെ ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

യുവതിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. പോലീസ് സര്‍ജന്‍മാരുടെ പ്രാഥമിക നിഗമനം ഇത്തരത്തിലാണ്. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണം സംബന്ധിച്ച് വ്യക്തതവരുമെന്നും അദ്ദേഹം പറഞ്ഞു. പീഡന ശ്രമത്തിനിടെ മല്‍പ്പിടുത്തത്തില്‍ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളില്‍ ക്ഷതമേറ്റിട്ടുണ്ട്, രക്തം കട്ടപിടിച്ചിട്ടുമുണ്ട്. കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാകൂ. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചത്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

പ്രതികളിലേക്കെത്തുന്നതിനുതകുന്ന ചില നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്ന് ഇവരുടേതല്ലാത്ത മുടിയിഴകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവ ആരുടേതാണെന്ന് കണ്ടെത്തിയാല്‍ കേസ് തെളിയിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതുകൂടാതെ വാഴമുട്ടത്ത് നിന്ന് രണ്ട് ഫൈബര്‍ ബോട്ടുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ ബോട്ടിലാണ് ലിഗയെ സംഭവസ്ഥലത്ത് കൊണ്ടുവന്നതെന്ന സംശയത്തിലാണ് പോലീസ്. ലിഗ പ്രതികള്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പരിശോധിച്ചു.

കോവളത്തു നിന്ന് വിദേശികള്‍ ഇവിടെ എത്താറില്ലെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, വിദേശികള്‍ ഇവിടെ വരാറുണ്ടെന്ന് തോണിക്കാരനായ നാഗേന്ദ്രന്‍ എന്നയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിദേശികള്‍ ചെന്തലക്കരി ഭാഗത്തുവന്ന ശേഷം തന്റെ കടത്ത് വള്ളത്തില്‍ ഇക്കരെ പള്ളിനടയില്‍ വരുമെന്നും സ്ഥിരമായി ഒരു ഏജന്റാണ് ഇവരെ കൊണ്ടുവരുന്നതെന്നുമായിരുന്നു നാഗേന്ദ്രന്റെ വെളിപ്പെടുത്തല്‍. ലിഗ ഒറ്റക്ക് ചെന്തലക്കരി ഭാഗത്ത് എത്താന്‍ സാധ്യതയില്ലെന്ന സംശയം നിലനില്‍ക്കെയാണ് ഏജന്റിനെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തല്‍. ഇതിന് മുമ്പ് കോവളത്ത് വിദേശ വനിതകളെ ഉപദ്രവിച്ച ഒരു പുരുഷ ലൈംഗിക തൊഴിലാളി, സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന യോഗ അധ്യാപകന്‍ എന്നിവര്‍ പോലീസ് നിരീക്ഷണത്തിലാണ്.

 

 

 

Latest