Connect with us

International

ഉന്നിനെ കാണാന്‍ ട്രംപൊരുങ്ങുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള മുന്നൊരുക്കത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്നോ നാലോ തീയതികള്‍ കൂടിക്കാഴ്ചക്ക് വേണ്ടി പരിഗണിക്കുന്നുണ്ടെന്നും അതുപോലെ കൂടിക്കാഴ്ച നടത്താനായി അഞ്ച് സ്ഥലങ്ങള്‍ ആലോചനയിലുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പുതിയ കാര്യങ്ങള്‍ പുറത്തുവിട്ടത്.

ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും കിം ജോംഗ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ചതായിരുന്നില്ല. ഉന്നുമായി മൈക് പോംപിയോ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം അത് ചെയ്തു. അവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിലപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് തന്റെ ആവശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കിം ജോംഗ് ഉന്നുമായി മൈക് പോംപിയോ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയെ വരെ ലക്ഷ്യമാക്കാവുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ക്രൂയിസ് മിസൈലുകള്‍ ഉത്തര കൊറിയ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
അതിനിടെ, കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെയും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി കിം ജോംഗ് ഉന്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ചക്ക് മുമ്പാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തുക.

ഉത്തര കൊറിയ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റിയാല്‍ മാത്രമേ ആ രാജ്യവുമായി ചര്‍ച്ചക്കുള്ളൂവെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest